പാകിസ്ഥാനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സിംബാബ്‌വേ. പാകിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ഏകദിന – ടി-20 സ്‌ക്വാഡാണ് ആതിഥേയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രെയ്ഗ് ഇര്‍വിനെ ഏകദിന ടീമിന്റെ നായകനാക്കും സിക്കന്ദര്‍ റാസയെ ടി-20 ടീമിന്റെ ചുമതലയേല്‍പിച്ചുമാണ് സിംബാബ്‌വേ പോരാട്ടത്തിന് കോപ്പുകൂട്ടുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് പാകിസ്ഥാന്‍ സിംബാബ്‌വേയിലെത്തി കളിക്കുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം.
ക്രെയ്ഗ് ഇര്‍വിനിന്റെ അനുഭവസമ്പത്ത് തന്നെയാണ് ഷെവ്‌റോണ്‍സ് ഏകദിന ടീമിന്റെ കരുത്ത്. ഒപ്പം സിക്കന്ദര്‍ റാസയും ഷോണ്‍ വില്യംസും ഉള്‍പ്പെടുന്ന മികച്ച ഓള്‍ റൗണ്ടര്‍മാരും ബ്ലെസിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും അടങ്ങുന്ന ബൗളിങ് നിരയും ടീമിന് മുതല്‍ക്കൂട്ടാകും.
മൂന്ന് അണ്‍ക്യാപ്ഡ് താരങ്ങളെയും സിംബാബ്‌വേ സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ട്രെവര്‍ ഗ്വാന്‍ഡു, താഷിങ്ക മുസേകിവ, ടിനോടെന്റ മപോസ എന്നിവരാണ് അന്താരാഷ്ട്ര അരങ്ങേറ്റം സ്വപ്‌നം കണ്ട് സ്‌ക്വാഡിന്റെ ഭാഗമായവര്‍.
റയാന്‍ ബേള്‍, വെസ്‌ലി മധേവെരെ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ റാസക്ക് കീഴില്‍ അണിനിരക്കും എന്നതാണ് ടി-20 സ്‌ക്വാഡിന്റെ പ്രത്യേകത. ടി-20 സ്‌ക്വാഡിലും അണ്‍ക്യാപ്ഡ് താരങ്ങളെ സാന്നിധ്യമുണ്ട്.
സൂപ്പര്‍ താരം ബാബര്‍ അസം ഇല്ലാതെയാണ് പാകിസ്ഥാന്‍ സിംബാബ്‌വേയില്‍ പര്യടനത്തിലെത്തുന്നത്. രണ്ട് പരമ്പരയിലും അസം പാകിസ്ഥാന്റെ ഭാഗമല്ല.
അന്താരാഷ്ട്ര ടി-20യില്‍ ചരിത്ര നേട്ടം കുറിക്കാനുള്ള അവസരം കയ്യകലത്ത് നില്‍ക്കവെയാണ് ബാബര്‍ അസം സിംബാബ്‌വേ പര്യടനത്തിന്റെ ഭാഗമല്ലാതെ പോയത് എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കാന്‍ ബാബര്‍ ഇനിയും കാത്തിരിക്കണം.
ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ബാബര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനത്തിന് പിന്നാലെയാണ് താരം വിരാടിനെ മറികടന്നത്.
ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മയെ മറികടക്കാന്‍ 39 റണ്‍സ് മാത്രമാണ് ബാബറിന് വേണ്ടിയിരുന്നത്. ഒരുപക്ഷേ സിംബാബ്‌വേക്കെതിരായ പര്യടനത്തില്‍ താരമുണ്ടായിരുന്നെങ്കില്‍ ഈ റെക്കോഡ് ബാബറിന്റെ പേരില്‍ ഉറപ്പായും കുറിപ്പെടുമായിരുന്നു.