സിം ആഫ്രോ ടി-10 ലീഗില്‍ ആദ്യ വിജയം സ്വന്തമാക്കി ബുലവായോ ബ്രേവ്‌സ്. കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബുലവായോ ബ്രേവ്‌സ് ഹരാരെ ഹറികെയ്ന്‍സിനെ തോല്‍പിച്ചുവിട്ടത്.
മത്സരത്തില്‍ ടോസ് നേടിയ ബ്രേവ്‌സ് ഹറികെയ്ന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പയുടെയും എവിന്‍ ലൂയിസിന്റെയും കൂട്ടുകെട്ടില്‍ മികച്ച സ്‌കോറിലേക്കാണ് ഹറികെയ്ന്‍സ് നടന്നുകയറിയത്.
15 പന്തില്‍ നിന്നും നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 32 റണ്‍സുമായി ഉത്തപ്പ തിളങ്ങിയപ്പോള്‍ 19 പന്തില്‍ നിന്നും 49 റണ്‍സടിച്ചാണ് ലൂയീസ് കരുത്ത് കാട്ടിയത്. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമായിരുന്നു ലൂയീസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
12 പന്തില്‍ 21 റണ്‍സ് നേടിയ ഡോണോവന്‍ ഫെരേരിയയും ഒമ്പത് പന്തില്‍ നിന്നും പുറത്താകാതെ 19 റണ്‍സുമായി ഇര്‍ഫാന്‍ പത്താനും ആഞ്ഞടിച്ചപ്പോള്‍ ഹറികെയ്ന്‍സ് പത്ത് ഓവറില്‍ 134ന് നാല് എന്ന നിലയിലേക്കുയര്‍ന്നു.
ബ്രേവ്‌സ്‌നായി പാട്രിക് ഡൂലി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദും സിക്കന്ദര്‍ റാസയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബുവായോക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആറ് പന്തില്‍ ബെന്‍ മക്ഡര്‍മോട്ടിനെ പുറത്താക്കിയ ഹറികെയ്ന്‍സ് മത്സരത്തില്‍ ഏര്‍ളി അഡ്വാന്റേജ് നേടിയെങ്കിലും അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. മൂന്നാം നമ്പറില്‍ റാസയും ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ ഹറികെയ്ന്‍സിന്റെ കയ്യില്‍ നിന്നും വഴുതി മാറി.
ഓപ്പണര്‍ കോബ് ഹെര്‍ഫ്റ്റ് 23 പന്തില്‍ നിന്നും 41 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 70 റണ്‍സ് നേടിയാണ് റാസ കരുത്ത് കാട്ടിയത്. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിങ്‌സില്‍. അഞ്ച് പന്തില്‍ 12 റണ്‍സുമായി ബൗ വെബ്സ്റ്ററും തിളങ്ങിയപ്പോള്‍ 9.1 ഓവറില്‍ ബുലവായോ വിജയം സ്വന്തമാക്കി.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബ്രേവ്‌സിനായി. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായാണ് ബുലവായോ മൂന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി ഹറികെയ്ന്‍സ് നാലാമതാണ്.
Content Highlight: Zim-Afro t10 League Bulawayo Braves defeats Harare Hurricanes