ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ സിനദിന്‍ സിദാനും യുവന്റസില്‍ ചേരുന്നു. സ്‌പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ജുവന്റസ് ന്യൂസ് തന്നെയാണ് സിദാന്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബറില്‍ ക്ലബ്ബിന്റെ അസിസ്റ്റന്റ് സ്‌പോര്‍ട്ടിങ് ഡയറക്ടറായി സിദാന്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിലെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഫാബിയോ പരാറ്റിസിയുമായി ചേര്‍ന്ന് സിദാന്‍ യുവന്റസില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് ഉടമകളായ ആഗ്നെല്ലി കുടുംബം സിദാന്‍ ഒക്ടോബര്‍ മുതല്‍ ചുമതലയേല്‍ക്കുമെന്ന് സ്ഥിരീകരിച്ചതായും സ്പാനിഷ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റയലില്‍ നിന്ന് വിരമിച്ച ശേഷം സിദാനിപ്പോള്‍ ഫുട്‌ബോളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. 2022 ഖത്തര്‍ ലോകകപ്പിന് മുമ്പ് സിദാന്‍ ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം, ലോകകപ്പ് ജയത്തിന് ശേഷം ദെഷാംപ്‌സ് തന്നെ തുടരുമെന്നാണ് സൂചനകള്‍.
2001ല്‍ റയലില്‍ ചേരുന്നതിന് മുമ്പ് അഞ്ചു സീസണുകളില്‍ യുവന്റസിന്റെ താരമായിരുന്നു സിദാന്‍. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു താരത്തെ യുവന്റസ് അന്ന് റയലിന് കൈമാറിയത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സിദാന്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ റയലിലെ തന്റെ പ്രിയ ശിഷ്യനായിരുന്ന ക്രിസ്റ്റ്യാനോയും അവിടെയുണ്ടാകുമെന്നതാണ് പ്രത്യേകത.