നെയ്മര്‍, ലയണല്‍ മെസി, കിലിയന്‍ എംബാപെ എന്നീ വന്‍ താരനിരയടങ്ങിയ പി.എസ്.ജിക്ക് പക്ഷെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നു. ഈ കാരണം കൊണ്ട് ഈ സീസണില്‍ ചില മാറ്റം കൊണ്ടുവരാന്‍ ടീം ശ്രമിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി കോച്ച് പൊച്ചെറ്റീനോയെ മാറ്റാനുള്ള ശ്രമത്തിലാണ് പി.എസ്.ജി. ഫ്രാന്‍സിന്റെ ഇതിഹാസ താരവും മികച്ച മാനേജറുമായിരുന്ന സിനദിന്‍ സിദാനെ ടീമിന്റെ കോച്ചായെത്തിക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ എന്തായാലും താന്‍ പി.എസ്.ജിയിലേക്കില്ലെന്ന് സിദാന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നെയ്മറെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് സിദാന്‍ ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
ഈ സമ്മറില്‍ പി.എസ്.ജി പരിശീലകനാവാനുള്ള സാധ്യത ഒട്ടുമില്ലെങ്കിലും ഫ്രഞ്ച് ക്ലബുമായി സിദാന്‍ കരാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമം മുണ്ടോ ഡീപോര്‍റ്റീവോയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്രഞ്ച് ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ നെയ്മറെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് സിദാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിദാന്‍ പി.എസ്.ജി പരിശീലകനാവുമെന്ന അഭ്യൂഹങ്ങള്‍ക്കു സമാന്തരമായി തന്നെ നെയ്മര്‍ ക്ലബ് വിടുമെന്ന വാര്‍ത്തകളും വളരെ സജീവമായി ഉണ്ടായിരുന്നു. നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി ആലോചിച്ചത് തന്നെ സിദാന്‍ ഈ ആവശ്യം മുന്നോട്ടു വെച്ചതു കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം താന്‍ പി.എസ്.ജി വിടാന്‍ ഒരുക്കമല്ലെന്ന് നെയ്മര്‍ വ്യക്തമാക്കിയിരുന്നു.
ഖത്തര്‍ അമീര്‍ സിദാനെ പി.എസ്.ജി പരിശീലകനായി നിയമിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതായും സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 33 മില്യണ്‍ യൂറോ വരെ സിദാന് അദ്ദേഹം ഓഫര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ സിദാന്‍ അതു നിരസിച്ചതോടെ ക്രിസ്റ്റഫെ ഗാള്‍ട്ടിയറെ പരിശീലകനായി എത്തിക്കാന്‍ ഒരുങ്ങുകയാണ് പി.എസ്.ജി.
അതേസമയം നെയ്മര്‍ പി.എസ്.ജി വിടുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും ശക്തമാണ്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെല്‍സിയാണ് താരത്തെ സ്വന്തമാക്കാന്‍ ഇപ്പോള്‍ രംഗത്തുള്ളത്. 2025 വരെയാണ് നെയ്മറിന് പി.എസ്.ജിയുമായി കരാറുള്ളത്.
Content Highlights: Zidane said psg to remove neymar from team