ഫ്രഞ്ച് ഇതിഹാസതാരവും റയല്‍ മാഡ്രിഡ് മുന്‍ കോച്ചുമായ സിനദിന്‍ സിദാനെ പരിശീലകനായി എത്തിക്കാനുള്ള ശ്രമം പി.എസ്.ജി തുടങ്ങിയിട്ട് കാലം കുറച്ചായി. ജൂലൈയില്‍ മൗരിസീയോ പൊച്ചത്തിനോയെ(Mauricio Pochettino) പുറത്താക്കിയപ്പോള്‍ തന്നെ സിദാനെ ക്ലബ് നോട്ടമിട്ടിരുന്നു.
എന്നാല്‍ അന്ന് ആ ഡീല്‍ നടക്കാതെ പോവുകയും പിന്നീട് ഗാള്‍ട്ടിയറെ കോച്ചായി കൊണ്ടുവരികയുമായിരുന്നു. ഇപ്പോള്‍ വീണ്ടും ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുത്തിരിക്കെ കോച്ചുകളുടെ മാറ്റവും ചര്‍ച്ചയിലുണ്ട്.
ഗാള്‍ട്ടിയര്‍ക്ക് പകരം സിദാനെ പരിശീലകനായി എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ പി.എസ്.ജി സജീവമാക്കിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പി.എസ്.ജിയിലേക്ക് വരണമെങ്കില്‍ രണ്ട് വമ്പന്‍ നിബന്ധനകളാണ് സിദാന്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ‘ലെ 10 സ്‌പോര്‍ട്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതില്‍ ഒരു നിബന്ധനയെ കുറിച്ചുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലബ് പ്രസിഡന്റായ നാസര്‍ അല്‍-ഖലേഫിയെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് സിദാന്‍ ആവശ്യപ്പെടുന്നത്.
2011ല്‍ പി.എസ്.ജിയുടെ ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെയാണ് അല്‍-ഖലേഫി ക്ലബ് പ്രസിഡന്റാകുന്നത്. പാരിസ് സെന്റ് ഷെര്‍മാങ്ങിന്റെ ചരിത്രത്തിലെ വമ്പന്‍ കരാറുകള്‍ പലതും നടന്നത് അദ്ദേഹം സ്ഥാനമേറ്റെടുത്തതിന് ശേഷമാണ്.
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പണമൊഴുകിയ, നെയ്മറെ ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിച്ച കരാര്‍ വലിയ ചര്‍ച്ചയായിരുന്നു. 222 മില്യണ്‍ യൂറോക്കായിരുന്നു ബ്രസീലിയന്‍ താരത്തെ അല്‍-ഖലേഫി ടീമിലെത്തിച്ചത്.
പക്ഷെ ഈ ഖത്തര്‍ ബിസിനസുകാരന് കീഴില്‍ കോച്ചായി പ്രവര്‍ത്തിക്കാന്‍ സിദാന് തീരെ താല്‍പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണമെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം ഫ്രഞ്ച് നാഷണല്‍ ടീമിന്റെ പരിശീലകസ്ഥാനത്തിനാണ് സിദാന് ശരിക്കും താല്‍പര്യമെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ കോച്ചായ ദിദിയേ ദേഷോ (Didier Deschamsp)യുടെ കാലാവധി ഡിസംബറില്‍ കഴിയുന്നമെന്നതാണ് സിദാന് പ്രതീക്ഷ നല്‍കുന്നത്.
ദേഷോയുടെ കരാര്‍ നീട്ടുകയാണെങ്കില്‍ സിദാന് പി.എസ്.ജിയുടെ ഓഫര്‍ പരിഗണിക്കേണ്ടി വരും. റയല്‍ മാഡ്രിഡിന് ശേഷം സിദാന്‍ പരിശീലകവേഷം അണിഞ്ഞിട്ടില്ല.
അതേസമയം സൂപ്പര്‍താരമായ കിലിയന്‍ എംബാപ്പെ ക്ലബ് വിടാന്‍ ഒരുങ്ങുന്നത് പി.എസ്.ജിക്ക് തലവേദനയായിട്ടുണ്ട്. നേരത്തെ ക്ലബുമായുള്ള കരാര്‍ നീട്ടിയ സമയത്ത് അംഗീകരിച്ച തന്റെ നിബന്ധനകള്‍ ക്ലബ് നടപ്പാക്കിയില്ലെന്നതാണ് എംബാപ്പെ ക്ലബ് വിടുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.
മെസിയെയും നെയ്മറിനെയും ക്ലബില്‍ നിന്നും മാറ്റണമെന്നായിരുന്നു എംബാപ്പെയുടെ ആവശ്യം. എന്നാല്‍ ഇവരുടെ കാര്യത്തില്‍ മറ്റ് ക്ലബുകളുമായി കരാറിലേര്‍പ്പെടാന്‍ കഴിയാതെയാതോടെ പി.എസ്.ജി ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
നെയ്മറും മെസിയുമായുള്ള കരാര്‍ റദ്ദാക്കണമെങ്കില്‍ 500 മില്യണ്‍ യൂറോ നല്‍കേണ്ടിവരുമെന്നും അത് സാധിക്കില്ലെന്നും ടീം മാനേജ്‌മെന്റ് എംബാപ്പെയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നെ ടീമില്‍ തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് ഫ്രഞ്ച് താരം നീങ്ങുകയായിരുന്നു.
ഇപ്പോള്‍ പ്രസിഡന്റിനെ മാറ്റിയാലേ ക്ലബിലേക്ക് വരികയുള്ളുവെന്ന സിദാന്റെ നിബന്ധന കേട്ടതോടെ, എംബാപ്പെയുടെ നിബന്ധനകളും കൂടിയാണ് ചര്‍ച്ചയാകുന്നത്.
Content Highlight: Zidane puts two conditions before PSG to become Coach