ഫ്രാന്‍സിന് ഇപ്രാവശ്യം ലോകകപ്പ് എളുപ്പമാകില്ല, അവര്‍ രണ്ട് പേരുമില്ലാത്തത് പ്രശ്‌നമാണ്; പിന്നെ ആ വമ്പന്‍ ടീമിന്റെ ഭീഷണിയും: തുറന്നുപറഞ്ഞ് സിദാന്‍
Sports
ഫ്രാന്‍സിന് ഇപ്രാവശ്യം ലോകകപ്പ് എളുപ്പമാകില്ല, അവര്‍ രണ്ട് പേരുമില്ലാത്തത് പ്രശ്‌നമാണ്; പിന്നെ ആ വമ്പന്‍ ടീമിന്റെ ഭീഷണിയും: തുറന്നുപറഞ്ഞ് സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 12:52 pm

നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന് ഖത്തറിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയണമെന്നില്ലെന്ന് സിനദീന്‍ സിദാന്‍. യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലോകകപ്പ് നേട്ടം ആവര്‍ത്തിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണെന്നാണ് സിദാന്‍ പറയുന്നത്.

മികച്ച മധ്യനിര താരങ്ങളായ പോഗ്ബയും കാന്റെയും ടീമിലില്ലാത്തത് ഫ്രാന്‍സിന് പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് സിദാന്‍ കണക്കുകൂട്ടുന്നത്. പരിക്ക് മൂലമാണ് ഇരുവര്‍ക്കും ലോകകപ്പ് നഷ്ടമായത്.

അതേസമയം പോഗ്ബയുടെയും കാന്റെയുടെയും അസാന്നിധ്യം ടീമിനെ ബാധിക്കാതിരിക്കാന്‍ കോച്ച് ശ്രദ്ധിക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷകളെയും വെല്ലുവിളികളെയും കുറിച്ച് സിദാന്‍ സംസാരിച്ചത്.

‘കളിക്കാരന് പരിക്കേറ്റാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. പരിക്കുകള്‍ ഫുട്‌ബോളിന്റെ ഭാഗമാണ്. ക്ലബ് സീസണിനിടയിലാണ് താരങ്ങള്‍ ഇത്തവണ ലോകകപ്പിന് വരുന്നത് എന്നതുകൊണ്ട് തന്നെ പരിക്കിനുള്ള സാധ്യതയും കൂടുതലാണ്.

പോഗ്ബയുടെയും കാന്റെയുടെയും അസാന്നിധ്യം ഫ്രാന്‍സിന് പ്രശ്‌നം സൃഷ്ടിക്കും. എന്നാല്‍, അതിനനുസരിച്ച് പരിശീലകന്‍ ടീമൊരുക്കുമെന്നാണ് പ്രതീക്ഷ,’ സിദാന്‍ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളെ കുറിച്ചും സിദാന്‍ തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഡെന്മാര്‍ക്ക് വലിയ ഭീഷണിയുയര്‍ത്തും. ഓസ്‌ട്രേലിയയും ടുണീഷ്യയും നിലവിലെ ചാമ്പ്യന്മാര്‍ക്ക് വെല്ലുവിളിയാകുമെന്നുമാണ് സിദാന്‍ പറയുന്ന്.

ലോകകപ്പില്‍ എളുപ്പമുള്ള കളികളൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം മികച്ചു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാകുമെന്നതിന് മറ്റൊരു കാരണം കൂടി സിദാന്‍ പറയുന്നുണ്ട്. അത് ലോകകപ്പിന്റെ ചരിത്രം തന്നെയാണ്.

1938ല്‍ ഇറ്റലിയും 1962ല്‍ ബ്രസീലും മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളതെന്ന് സിദാന്‍ ചൂണ്ടിക്കാണിച്ചു. ലോകകപ്പ് നേടിയതും യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനവുമെല്ലാം ഫ്രാന്‍സിന് മുതല്‍ക്കൂട്ടാണെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Zidane about France’s chances in winning Qatar World Cup 2022