| Saturday, 19th November 2022, 8:33 am

ബെന്‍സേമയോ എംബാപ്പെയോ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമാകില്ലേ എന്ന് ചോദ്യം; അവനെ മറന്നോ എന്ന് തിരിച്ചു ചോദിച്ച് സിദാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് നിലനിര്‍ത്തുക എന്ന മോഹവുമായി ഖത്തറിലേക്ക് എത്തിയിരിക്കുന്ന ഫ്രാന്‍സിനെ കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ സംസാരിക്കുകയാണ് മുന്‍ സൂപ്പര്‍താരവും ഫുട്‌ബോള്‍ ഇതിഹാസവുമായ സിനദീന്‍ സിദാന്‍.

ലോകകപ്പ് ഫേവറിറ്റുകളായി പരിഗണിക്കപ്പെടുന്ന ടീമാണെങ്കിലും ലോകകപ്പ് നേടുക എന്നത് ഫ്രഞ്ച് പടക്ക് അത്ര എളുപ്പമായിരിക്കില്ലെന്നാണ് സിദാന്‍ പറയുന്നത്.

1938ല്‍ ഇറ്റലിയും 1962ല്‍ ബ്രസീലും മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളതെന്നും സിദാന്‍ ചൂണ്ടിക്കാണിച്ചു. ലോകകപ്പ് നേടിയതും യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനവുമെല്ലാം ഫ്രാന്‍സിന് മുതല്‍ക്കൂട്ടാണെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദാന്‍ പറയുന്നത്.

നിലവിലെ ടീമിലെ സ്‌ട്രൈക്കര്‍മാരെ കുറിച്ചും സിദാന്‍ സംസാരിച്ചു. ബാലണ്‍ ഡി ഓര്‍ ജേതാവായ കരിം ബെന്‍സേമയും പി.എസ്.ജിയില്‍ ഗോളടിച്ചു മുന്നേറുന്ന എംബാപ്പെയും മിഡ്ഫീല്‍ഡറായും വിങ്ങറായും സ്‌ട്രൈക്കറായും തിളങ്ങുന്ന ഗ്രീസ്മാനും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് സിദാന്‍.

എംബാപ്പെയും ബെന്‍സേമയും മികച്ച സ്‌ട്രൈക്കര്‍മാരാണെന്നും ഇവരില്‍ ഒരാള്‍ ലോകകപ്പിലെ കൂടുതല്‍ ഗോള്‍ നേടുന്ന താരമാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ഫ്രാന്‍സിന്റെ മുന്നേറ്റനിരയെ കുറിച്ച് സിദാന്‍ വാചാലനായത്.

‘അന്റോയിന്‍ ഗ്രീസ്മാനെ മറക്കരുത്. അവര്‍ മൂന്ന് പേരും മികച്ചവരാണ്. മുന്നേറ്റനിരയില്‍ എംബാപ്പെയും ബെന്‍സേമയും സ്‌കോര്‍ ചെയ്യാനും പരസ്പരം പന്തെത്തിച്ചു നല്‍കാനും കഴിയുന്നവരാണ്. അവരില്‍ നിന്നും ഒരുപാട് ഗോളുകള്‍ കാണാനാകും,’ സിദാന്‍ പറഞ്ഞു.

അതേസമയം ഗ്രൂപ്പ് ഡിയിലാണ് ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ സ്ഥാനം. ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങള്‍.

ഒറ്റ നോട്ടത്തില്‍ വലിയ ഭീഷണിയാണെന്ന് തോന്നില്ലെങ്കിലും മൂന്ന് ടീമുകളും മികച്ച ഫോമിലാണ് എന്നത് ഫ്രാന്‍സിന് വെല്ലുവിളിയാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നവംബര്‍ 22ന് ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.

Content Highlight: Zidane about France National team and Antoine Griezmann

We use cookies to give you the best possible experience. Learn more