104 മണിക്കൂറിലെ കാത്തിരിപ്പ് വെറുതെയായി; കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയില്‍ മരിച്ചു
World
104 മണിക്കൂറിലെ കാത്തിരിപ്പ് വെറുതെയായി; കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th February 2023, 9:46 pm

കിരിഖാന്‍: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി മരിച്ചു. 40 വയസുകാരിയായ സെയ്‌നെപ് കഹ്രാമനാണ് ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചത്. തെക്കന്‍ തുര്‍ക്കിയിലെ കിരിഖാന്‍ പട്ടണത്തിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരാണ് വെള്ളിയാഴ്ച ഇവരെ രക്ഷപ്പെടുത്തിയത്.

ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ 104 മണിക്കൂര്‍ അതിജീവിച്ച സെയ്‌നെപ്പിന്റെ അതിജീവനത്തെ അത്ഭുതം എന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ബന്ധുക്കളുടെ പ്രതീക്ഷകളെ വൃഥാവിലാക്കി സെയ്‌നെപ് മരണപ്പെടുകയായിരുന്നു.

സെയ്‌നെപിന്റെ സഹോദരങ്ങളാണ് മരണ വിവരം തങ്ങളെ അറിയിച്ചതെന്ന് ജര്‍മന്‍ റെസ്‌ക്യു ടീമിനെ നയിക്കുന്ന സ്റ്റീവന്‍ ബെയര്‍ പറഞ്ഞു. ‘അവളുടെ മരണ വിവരം ടീം അംഗങ്ങളെ ഞാന്‍ അറിയിച്ചു. 100 മണിക്കൂറിലധികമാണ് അവള്‍ അവശിഷ്ടങ്ങള്‍ക്കിടയിലായിപ്പോയത്.

എന്നാല്‍ ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം വെറുതെ ആയില്ല. വേണ്ടപ്പെട്ടവരുടെ കൈകളില്‍ കിടന്ന് മരിക്കാനായല്ലോ. ദുരന്തം നടന്ന് പത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളെ ബന്ധപ്പെടാന്‍ സെയ്‌നെപ്പിനായിരുന്നു. ഒടുവില്‍ കുടുംബത്തിനരികിലേക്ക് അവളെ എത്തിക്കാനായി,’ സ്റ്റീവന്‍ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നതിനിടയില്‍ സെയ്‌നെപ് കുടുംബാംഗങ്ങളോട് സംസാരിക്കുകയും രക്ഷാപ്രവര്‍ത്തകര്‍ ഹോസ് വഴി അവര്‍ക്ക് വെള്ളം എത്തിക്കുകയും ചെയ്തിരുന്നു.

ഭുകമ്പം നടന്ന് 129 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച അഞ്ചംഗ കുടുംബത്തെ രക്ഷിച്ചതും ഇന്ന് ശ്രദ്ധ നേടിയിരുന്നു. തുര്‍ക്കിയില്‍ തകര്‍ന്നുവീണ ഇവരുടെ തന്നെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കുടുംബത്തെ കണ്ടെത്തിയത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അമ്മയേയും മകളേയുമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അച്ഛന്റെ സമീപം രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും തന്റെ മറ്റ് മക്കളെ ആദ്യം രക്ഷിക്കണമെന്ന് അദ്ദേഹം പറയുകയായിരുന്നു. കുടുംബത്തിലെ മറ്റ് നാല് പേരെയും രക്ഷപ്പെടുത്തിയതിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. അതേസമയം തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 24000 കവിഞ്ഞു.

Content Highlight: Zeynep Kahraman rescued after 104 hours in turkey