നീറ്റ് പരീക്ഷ യോഗ്യത പൂജ്യം പേഴ്സന്റൈൽ; 'പാവപ്പെട്ട വിദ്യാർത്ഥികളെ ഫിൽറ്റർ ചെയ്യാനുള്ള പ്രക്രിയയാണെന്ന് തെളിഞ്ഞു'
national news
നീറ്റ് പരീക്ഷ യോഗ്യത പൂജ്യം പേഴ്സന്റൈൽ; 'പാവപ്പെട്ട വിദ്യാർത്ഥികളെ ഫിൽറ്റർ ചെയ്യാനുള്ള പ്രക്രിയയാണെന്ന് തെളിഞ്ഞു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 21, 05:36 am
Thursday, 21st September 2023, 11:06 am

ചെന്നൈ: കോച്ചിങ് സെന്ററുകളേയും സ്വകാര്യ മെഡിക്കൽ കോളേജുകളേയും പുഷ്ടിപ്പെടുത്താനാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന ഡി.എം.കെയുടെ വാദം ശരിവെക്കുന്നതാണ് പി.ജി നീറ്റ് പ്രവേശന പരീക്ഷയിലെ പുതിയ നടപടിയെന്ന് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. നീറ്റ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നതിന് പൂജ്യം പേഴ്സന്റൈൽ നേടിയാൽ മതിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

പുതിയ നടപടിയോടെ നീറ്റ് പരീക്ഷയിലെ ഗൂഢാലോചന പുറത്തുവന്നെന്നും അദ്ദേഹം ആരോപിച്ചു.
‘യോഗ്യതയെ കുറിച്ച് ഇത്രയും കാലം വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ പി.ജി മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശിക്കാൻ നീറ്റ് പരീക്ഷ എഴുതുക മാത്രമേ വേണ്ടൂ എന്നാണ് പറയുന്നത്. അപ്പോൾ പിന്നെ പരീക്ഷ തന്നെ നടത്തേണ്ട ആവശ്യമെന്താണ് എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഒരുപാട് പാവപ്പെട്ട വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ നീറ്റ് അനീതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് പോലെ കഴിവിനെ തിരിച്ചറിയാനുള്ള പരീക്ഷയല്ല നീറ്റ് എന്നും മറിച്ച് പാവപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികളെ ഫിൽറ്റർ ചെയ്യാനുള്ള പ്രക്രിയയാണെന്ന് ഈ പക്ഷപാതപരമായ തീരുമാനം തെളിയിച്ചു,’ സമൂഹ മാധ്യമമായ എക്‌സിൽ എഴുതിയ കുറിപ്പിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘മെറിറ്റിന്റെ കൊലപാതകം’ എന്നും ‘മെഡിക്കൽ മേഖലയിലെ കറുത്ത’ ദിനം എന്നും ആരോപിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ നിരവധി വിദ്യാർത്ഥികളും മെഡിക്കൽ അസോസിയേഷനുകളും രംഗത്തെത്തിയിരുന്നു.

Content Highlight: Zero qualifying percentile exposes NEET conspiracy, says Udayanidhi Stalin