കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എറണാകുളം സീറോ മലബാര്‍ സഭ-അങ്കമാലി അതിരൂപതയുടെ മുഖപത്രം. സഭയുടെ മുഖപത്രമായ സത്യദീപത്തിലെഴുതിയ ചുവടുതെറ്റുന്ന മതേതര കേരളം എന്ന എഡിറ്റോറിയലിലാണ് പി.സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ചത്.
വൈറല്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികളായ ജാനകിയേയും നവീനേയും അഭിനന്ദിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. അതിനുപിന്നാലെ വന്ന വിദ്വേഷ പ്രചരണങ്ങള്‍ ഒരു തരം സാമൂഹിക രോഗമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
‘മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്’, മുഖപ്രസംഗത്തില്‍ പറയുന്നു.
ഏറ്റവുമൊടുവില്‍ ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഉടന്‍ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു നേതാവ് പറയത്തക്ക വിധമുള്ള സാഹചര്യമായിരിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പി.സി ജോര്‍ജിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് താന്‍ പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസിയുടെ വീഡിയോ പങ്കുവെച്ചാണ് പി.സി ജോര്‍ജിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് പി. സി ജോര്‍ജ് പറഞ്ഞത്.
തൊടുപുഴയില്‍ എച്ച്. ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം താന്‍ പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്ന വിശദീകരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് പി. അബ്ദുല്‍ മജീദ് ഫൈസിയുടെ വീഡിയോ പങ്കുവെച്ചാണ് പി.സി ജോര്‍ജിന്റെ വിശദീകരണം.
45 മിനിറ്റുള്ള പ്രസംഗം, 20 സെക്കന്റ് സംപ്രേഷണം ചെയ്ത് ‘ആരും പറയാന്‍ പാടില്ലാത്ത’ എന്തോ ഒന്ന് താന്‍ പറഞ്ഞെന്ന രീതിയിലാണ് വാര്‍ത്താ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.
’20 ശതമാനത്തില്‍ താഴെ വരുന്ന ജിഹാദികള്‍ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌കളങ്ക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്.
ഇത് ഇനി ആവര്‍ത്തിച്ചുകൂട’, അദ്ദേഹം പറഞ്ഞു.
വലിയ വിപത്തെന്തെന്ന് തന്റെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും തെരഞ്ഞെടുപ്പ് സമയത്തായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അതിനെ ഇവര്‍ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുമായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക