| Monday, 20th May 2019, 6:11 pm

സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ്; അന്വേഷണത്തില്‍ തൃപ്തിയില്ല; പൊലീസ് അന്വേഷണം തിരക്കഥ തയ്യാറാക്കിയെന്നും അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നത് തിരക്കഥ തയ്യാറാക്കിയാണെന്ന് അതിരൂപത. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ആദിത്യന്‍ വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്നും ബിഷപ് മനത്തോടത്ത് പറഞ്ഞു.

ഫാ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് രേഖ നല്‍കിയതെന്ന വാദവും അതിരൂപത തള്ളി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും രൂപത ആവശ്യപ്പെട്ടു.

കൊച്ചിയിലെ ഒരു വ്യാപാര കേന്ദ്രത്തിലെ മെയിന്‍ സെര്‍വറില്‍ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കോന്തുരുത്തി സ്വദേശി ആദിത്യനാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. ഫാ. ആന്റണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടതു പ്രകാരമാണു മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ താന്‍ വ്യാജരേഖ തയാറാക്കിയതെന്ന് അറസ്റ്റിലായ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

തേവരയിലെ കടയില്‍ വച്ചാണ് വ്യാജരേഖ തയാറാക്കിയതെന്നും കര്‍ദിനാളിനെതിരായ വികാരം സൃഷ്ടിക്കാനാണു വ്യാജരേഖ തയാറാക്കിയതെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു.

താന്‍ ആദ്യം ജോലി ചെയ്ത സ്ഥാപനത്തിന്റെ സെര്‍വറില്‍ രേഖ കണ്ടെത്തിയതാണെന്നും അതാണു വൈദികര്‍ക്ക് അയച്ചുകൊടുത്തതെന്നുമായിരുന്നു നേരത്തേ പോലീസിനു മൊഴി നല്‍കിയത്.

We use cookies to give you the best possible experience. Learn more