| Thursday, 30th March 2017, 5:07 pm

'ദൈവജനങ്ങള്‍ക്കിടയിലും സ്ത്രീകള്‍പെടില്ല'; പെസഹയില്‍ സ്ത്രീകളുടെ കാല്‍ ഇത്തവണയും കഴുകില്ലെന്ന് സീറോ മലബാര്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പെസഹാ വ്യാഴത്തില്‍ സ്ത്രീകളുടെ കാല്‍ ഇത്തവണയും കഴുകില്ലെന്ന് സീറോ മലബാര്‍ സഭ. പെസഹയില്‍ സ്ത്രീകളുടെ കാലുകളും കഴുകണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം ഇത്തവണയും നടപ്പിലാക്കേണ്ടെന്നാണ് സീറോ മലബാര്‍ സഭ തീരുമാനിച്ചിരിക്കുന്നത്. സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സഭാ തീരുമാനം വ്യക്തമാക്കിയത്.


Also read മൂന്ന് വിദ്യാര്‍ത്ഥിനികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അധ്യാപകനെ സ്ത്രീകള്‍ പിടിച്ചുകെട്ടി ചെരുപ്പൂരി അടിച്ചു; വീഡിയോ


2016 ജനുവരിയിലായിരുന്നു പെസഹനാളില്‍ പുരുഷന്‍മാരുടെ കാലുകഴുകുന്ന ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയത്. വിശ്വസികള്‍ക്ക് മുഴുവന്‍ പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ കന്യാസ്ത്രീകള്‍, രോഗികള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരം കര്‍ദിനാള്‍ ജോസഫ് സാറ കല്‍പ്പന പുറപ്പെടുവിച്ചിരുന്നത്.

ഇതിനായി കാല്‍ കഴുകലിനായി വിളിക്കപ്പെടുന്ന പുരുഷന്‍മാര്‍ എന്ന നിബന്ധനയിലെ ഭാഗം ഭേദഗതി ചെയ്ത് ദൈവജനങ്ങള്‍ക്കിടയില്‍ നിന്ന് വിളിക്കപ്പെടുന്നവര്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സീറോ മലബാര്‍ സഭ.

സഭാസിനഡിന്റെ തീരുമാനം അനുസരിച്ച് പരമ്പരാഗത രീതിയില്‍ പുരുഷന്‍മാരുടെയോ ആണ്‍കുട്ടികളുടെയോ കാല്‍ കഴുകിയാല്‍ മതിയെന്നാണ് സീറോ മലബാര്‍ സഭയുടെ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കുലറും സഭ പുറത്തിറക്കിയിട്ടുണ്ട്. കാല്‍ കഴുകല്‍ ശുശ്രൂഷ ക്രിസ്തുവിന്റെ പൗരോഹിത്യവുമായി ബന്ധപ്പെട്ടതാണെന്നും പുരുഷന്‍മാരായ 12 ശിഷ്യരിലൂടെയാണ് ആ പാരമ്പര്യം തുടരുന്നതെന്നും പറഞ്ഞ ആലഞ്ചേരി ഭാരത സഭ തുടര്‍ന്ന് വരുന്ന പാരമ്പര്യം നിലനിര്‍ത്താനാണ് സ്ത്രീകളെ ഒഴിവാക്കിയതെന്നാണ് പറയുന്നത്.

കഴിഞ്ഞ തവണയും മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കാതിരുന്ന സഭ ലത്തീന്‍ ക്രമം പിന്തുടരുന്ന സഭകള്‍ മാത്രം ഈ രീതി തുടര്‍ന്നാല്‍ മതിയെന്ന് വത്തിക്കാനില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.

We use cookies to give you the best possible experience. Learn more