| Wednesday, 31st January 2018, 7:51 am

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ തെറ്റുപറ്റിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റ സമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടപാടിനെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മിഷന് മുമ്പാകെയാണ് കര്‍ദ്ദിനാള്‍ മൊഴി എഴുതി നല്‍കിയത്.

ഭൂമി വില്പനയില്‍ സഭാനിയമങ്ങളോ, സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി വില്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നാണ് കര്‍ദ്ദിനാള്‍ മൊഴിയില്‍ പറയുന്നത്.

“ഇടനിലക്കാരന്‍ സാജുവിനെ പരിചയപ്പെടുത്തിയത് താനാണ്. ഭൂമിയിടപാടില്‍ മനപ്പൂര്‍വമല്ലാത്ത ചില ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ട്. സഭയുടെ നന്മ മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുളളൂ”, കര്‍ദ്ദിനാളുടെ മൊഴിയില്‍ പറയുന്നു.

സഭാ നിയമങ്ങള്‍ ആലഞ്ചേരി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും നടപടി വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ ഭൂമി ഇടപാട് വിവാദമായതിനു പിന്നാലെ സിറോ മലബാര്‍ സഭ വൈദികര്‍ രണ്ടുതട്ടിലായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് കര്‍ദ്ദിനാളിനെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നത്. വൈദികരും വിശ്വാസികളും ചേര്‍ന്ന് പ്രത്യേക സംഘടനയുണ്ടാക്കി ഭൂമിയിടപാട് വിഷയത്തിലെ നിലപാട് കടുപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ ഫാ. ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പഠിച്ചിട്ടില്ലെന്നും കൃത്യമായി പഠിക്കാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ലെന്നും. പിന്നീടൊരു ദിവസം മുഴുവന്‍ വിപുലമായ ചര്‍ച്ച നടത്താമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന യോഗം അവസാനിപ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more