| Monday, 30th September 2024, 2:18 pm

ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കാൻ ശ്രമം; ബോഗെയ്ൻവില്ല 'സ്തുതി' പാട്ടിനെതിരെ സീറോ മലബാർ അൽമായ ഫോറം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബോഗെയ്ൻവില്ലയിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തുറങ്ങിയിരുന്നു. സുഷിൻ ശ്യാം സംഗീതം നിർവഹിച്ച ‘സ്തുതി’ പാട്ട് നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്. എന്നാൽ ഇപ്പോൾ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാർ അൽമായ ഫോറം രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാറിനാണ് സംഘടന പരാതി നൽകിയിരിക്കുന്നത്.

ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികൾക്ക് അപമാനമാണെന്നും ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സീറോ മലബാർ അൽമായ ഫോറം ആരോപിക്കുന്നു.

ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കിയാണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടണമെന്നുമാണ് കേന്ദ്ര വാർത്ത വിതരണ പ്രേക്ഷേപണ മന്ത്രാലയത്തിനും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നൽകിയ പരാതിയിൽ സംഘടന പറയുന്നു.

‘മലയാള സിനിമ മേഖലയിൽ നടക്കുന്ന വൻ ചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട,’സംഘടന കൂട്ടിച്ചേർത്തു. സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും ഗാനത്തോടൊപ്പം വേണ്ടിവന്നാൽ സിനിമയും സെൻസർ ചെയ്യണമെന്നും സംഘടന ആരോപിച്ചു.

അതേസമയം ഭീഷ്മ പർവം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബോഗെയ്ൻവില്ല. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായിക ജ്യോതിർമയിയാണ്.

സുഷിൻ ഒരുക്കിയ സ്തുതി എന്ന ഗാനത്തിൽ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ജ്യോതിർമയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പാട്ട് റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

Content Highlight: zero malabar alamaaya forum against sthuthi song in bougainvillea movie

We use cookies to give you the best possible experience. Learn more