| Saturday, 20th May 2023, 4:02 pm

ജി 7 ഉച്ചകോടി: സെലെന്‍സ്‌കി ജപ്പാനിലെത്തി; ഉക്രൈന് എഫ് 16 പോര്‍വിമാനങ്ങളില്‍ പരിശീലനം നല്‍കുമെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിരോഷിമ: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമര്‍ സെലെന്‍സ്‌കി ജപ്പാനിലെത്തി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്രഞ്ച് വിമാനത്തില്‍ ഹിരോഷിമയിലെ വിമാനത്താവളത്തില്‍ സെലെന്‍സ്‌കി വന്നിറങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചുവന്ന പരവതാനി വിരിച്ചാണ് ജാപ്പനീസ് അധികൃതര്‍ അദ്ദേഹത്തെ വരവേറ്റത്.

സെലെന്‍സ്‌കി ഉടന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹിരോഷിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ജി 7 നേതാക്കളുമായും മറ്റ് രാജ്യ പ്രതിനിധികളുമായും സമാധാനവും സുരക്ഷയും സംബന്ധിച്ച ഒരു യോഗത്തിലും സെലെന്‍സ്‌കി പങ്കെടുക്കുമെന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജപ്പാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ‘സമാധാനം അടുത്തെത്തി’ എന്നായിരുന്നു സെലന്‍സ്‌കി ട്വീറ്റ് ചെയ്തത്.  അതെസമയം, ഉക്രൈന് എഫ് 16 പോര്‍വിമാനങ്ങളില്‍ പരിശീലനം നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കീവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് ഉക്രൈന്‍ പ്രതീക്ഷിക്കുന്നത്.

ജി 7 ഉച്ചകോടിയുടെ അവസാന സെഷനുകളില്‍, റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രൈനെ ഏതുവിധത്തില്‍ സഹായിക്കാമെന്ന കാര്യത്തിലും ലോക രാഷ്ട്രങ്ങള്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ടതാണ് ജി 7. അതിഥി രാജ്യമായാണ് ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തുണ്ട്. രാവിലെ വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

content highlights: Zelenskyy attendance at G7 confirmed

We use cookies to give you the best possible experience. Learn more