ലണ്ടണ്‍: ഓവല്‍ ഓഫീസില്‍വെച്ച് നടന്ന ചര്‍ച്ചയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇറക്കിവിട്ടതിന് പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. ബ്രിട്ടനിലെത്തിയ സെലന്‍സ്‌കിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉക്രൈന് 2.8 ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാര്‍മര്‍ക്ക് പുറമെ ബ്രിട്ടീഷ് ജനതയും സെലന്‍സ്‌കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നൂറുകണക്കിന് ആളുകളാണ് സെലന്‍സ്‌കിയെ കാണാന്‍ തടിച്ചുകൂടിയത്.
‘ഡൗണിങ് സ്ട്രീറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. പുറത്തെ തെരുവിലെ ആര്‍പ്പുവിളിയില്‍ നിന്ന് കേട്ടതുപോലെ, നിങ്ങള്‍ക്ക് യുണൈറ്റഡ് കിങ്ഡത്തിലുടനീളം പൂര്‍ണ പിന്തുണയുണ്ട്,’ സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിന്ന് ഉക്രൈന് നിരുപാധിക പിന്തുണ ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സ്റ്റാര്‍മര്‍ ഉക്രേനിയന്‍ സേനയ്ക്കാണ് 2.8 ബില്യണ്‍ ഡോളറിന്റെ ഭീമമായ വായ്പ അനുവദിച്ചത്. യുദ്ധം ആരംഭിച്ചതുമുതല്‍ കീവിന് പിന്തുണ നല്‍കിയ യു.കെ സര്‍ക്കാരിനും ജനങ്ങള്‍ക്കും സെലന്‍സ്‌കിയും നന്ദി പ്രകടിപ്പിച്ചു. റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് രാജകുടുംബത്തിന്റെ പിന്തുണ തേടി സെലെന്‍സ്‌കി ഞായറാഴ്ച ബ്രിട്ടീഷ് രാജാവായ ചാള്‍സ് രാജാവുമായും കൂടിക്കാഴ്ച നടത്തും.
അതേസമയം സെലന്‍സ്‌കിയെ അപമാനിച്ചുവിട്ട ട്രംപിന്റെ നിലപാടില്‍ യൂറോപ്യന്‍ രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉക്രെയിനിന് പിന്തുണ നല്‍കുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച എങ്ങുമെത്താതെ കരാറില്‍ ഒപ്പിടാതെയായിരുന്നു സെലന്‍സ്‌കിയുടെ മടക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച യു.എസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സെലെന്‍സ്‌കിയെ അപമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമേരിക്കക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ പ്രതീക്ഷിച്ചിരുന്നതായും അവര്‍ക്കുവേണ്ടി ഉക്രേനിയന്‍ സൈനികരുടെ ജീവന്‍ പണയപ്പെടുത്തിയെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.
റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് ഉക്രേനിയന്‍ സേനയ്ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഉക്രെയ്നില്‍ ഒരു ഫാക്ടറിക്ക് ധനസഹായം നല്‍കിയതിന് സെലെന്‍സ്‌കി യു.കെ സര്‍ക്കാരിനോട് നന്ദി പറയുകയുണ്ടായി.
Content Highlight: Zelensky, who was dropped by Trump, was held by Britain; 2.8 billion will be financed