കീവ്: റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് താന്‍ ഒളിച്ചോടില്ലെന്നും ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നത്.
ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്നാണ് സെലന്‍സ്‌കി വീഡിയോ എടുത്തിട്ടുള്ളത്. ‘ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും’സെലന്‍സ്‌കി പറയുന്നു.
സെലന്‍സ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിമാര്‍ക്കൊപ്പമുള്ള ഒരു വീഡിയോ സെലന്‍സ്‌കി പങ്കുവെച്ചിരുന്നു. താന്‍ കീവിലുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നുമായിരുന്നു വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.
രാജ്യത്തിന് വേണ്ടി പോരാടും. ഒരു തരത്തിലും ആയുധം താഴെ വെക്കില്ല. കീഴടങ്ങണമെന്നുള്ള നിര്‍ദേശമൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇനി അത്തരത്തിലൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നുമാണ് പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.
അതേസമയം ഒഡേസയിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കരമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പ് തുടരുമ്പോള്‍ വ്യോമാക്രമണം ശക്തമാക്കുകയാണ് റഷ്യ.
എന്നാല്‍ രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് ഉക്രൈന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും ഉക്രൈന്‍ അവകാശപ്പെട്ടു.
102 റഷ്യന്‍ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകര്‍ത്തെന്നും 536 സൈനിക വാഹനങ്ങളാണ് ഇതുവരെ ഉക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നുമാണ് സൈന്യം പറയുന്നത്.
അതിനിടെ ഉക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.
ആയുധങ്ങള്‍ ഉള്‍പ്പെടെസുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.
Zelensky Posts Defiant Video From the Streets of Kyiv as Putin’s Forces Close In