ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് സീ ന്യൂസ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത വിഷയത്തില്‍ നടത്തിയ പ്രസ്താവനയെ ഉദയ്പൂര്‍ സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
ഇതിന് പിന്നാലെ രണ്ട് ജീവനക്കാരെ ചാനല്‍ പുറത്താക്കിയിരുന്നു.
വയനാട്ടില്‍ തന്റെ ഓഫീസിനു നേരെ ആക്രമണം നടത്തിയവരെ രാഹുല്‍ ഗാന്ധി ‘കുട്ടികള്‍’ എന്ന് വിളിച്ചിരുന്നു. ഇതിനെ ‘ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചു’വെന്നായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കിയത്.
സീ ന്യൂസ് പ്രൈം ടൈം ഷോയില്‍ വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്. വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഉദയ്പൂര്‍ കൊലപാതകികളെ കുട്ടികള്‍ എന്ന് വിളിച്ചുവെന്നായിരുന്നു സീ ന്യൂസിലെ വാര്‍ത്ത.
രോഹിത് രഞ്ജന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. പ്രതികളെ കുട്ടികള്‍ എന്ന് വിളിക്കുന്നതിലൂടെ കൊലപാതകം നടന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നത് വ്യക്തമാകുന്നുവെന്നും പരിപാടിയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരകന്‍ പറഞ്ഞിരുന്നു.
വിവിധ കേന്ദ്രമന്ത്രിമാരും വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് രാജ്യവര്‍ധന്‍ റാത്തോര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വീഡിയോ പങ്കുവെച്ചതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാപ്പ് പറയാത്തപക്ഷം ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.