| Saturday, 5th December 2020, 5:36 pm

സമരം ചെയ്യുന്ന കര്‍ഷകര്‍ കൊവിഡ് പടര്‍ത്തും; വിദ്വേഷ പരാമര്‍ശവുമായി സീ ന്യൂസ്, പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ അധിക്ഷേപിച്ച് സീ ന്യൂസ്.

വരുന്ന ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ജനങ്ങളുടെ വീക്കെന്‍ഡ് നശിപ്പിക്കുമെന്നും, കര്‍ഷകരുടെ സമരം കൊവിഡ് പരത്തുമെന്നുമാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ത്യാ വിരുദ്ധരാണെന്നും സീ ന്യൂസ് വാര്‍ത്ത നല്‍കി.

അതേസമയം സീ ന്യൂസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണുയരുന്നത്. ഇത്തരം ചാനലുകള്‍ക്ക് പരസ്യം നല്‍കരുതെന്ന് സ്വിഗ്ഗി അടക്കമുള്ളവയോട് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാധ്യമസംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു.

കര്‍ഷകരെ വിളിക്കുന്നതിനായി ചില മാധ്യമങ്ങള്‍ ഖലിസ്ഥാനികള്‍, രാജ്യദ്രോഹികള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതായും ഇത് മാധ്യമധര്‍മത്തിന് എതിരായ പ്രവൃത്തിയാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

ഭരണഘടനാപരമായി തങ്ങള്‍ക്ക് അവകാശമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പ്രത്യേക ചായ്വോടുകൂടിയും സത്യസന്ധതയില്ലാതെയും വസ്തുതാവിരുദ്ധമായും വാര്‍ത്തകള്‍ കൊടുക്കരുതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ മറ്റ് മാധ്യമ സംഘടനകള്‍ക്ക് താക്കീത് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധിക്കുന്നവരുടെ വേഷവിധാനങ്ങളും വംശവും നോക്കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും സംഘടന പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചുകൊണ്ട് നേരത്തേ ചില മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Zee News Hate Reporting Farmers Protest

We use cookies to give you the best possible experience. Learn more