28 തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവ്; സീ ന്യൂസ് അടച്ചുപൂട്ടി
COVID-19
28 തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവ്; സീ ന്യൂസ് അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 10:43 pm

ന്യൂദല്‍ഹി: 28 തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടി സീ ന്യൂസ്. രോഗലക്ഷണങ്ങള്‍ ഇല്ലതിരുന്ന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

‘ആഗോള മഹാമാരി ഞങ്ങളെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്’, സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവരില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നു. രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞതെന്നും സുധിര്‍ ചൗധരി വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പലിച്ചാണ് സീന്യൂസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് തൊഴിലാളികള്‍ക്കും പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.

2500 തൊഴിലാളികളാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. എല്ലാ തൊഴിലാളികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും എല്ലാവര്‍ക്കും പെട്ടെന്നുതന്നെ രോഗം ഭേദമാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക