Advertisement
national news
വിവാദമായി രാഹുലിനെതിരായ വ്യാജ വാര്‍ത്ത പ്രചരണം; രാജ്യവര്‍ധന്‍ റാത്തോറിന് പിന്നാലെ വാര്‍ത്താ അവതാരകനെതിരേയും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 05, 04:21 am
Tuesday, 5th July 2022, 9:51 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെതിരെ കേസ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സീ ന്യൂസ് പ്രൈം ടൈം ഷോയില്‍ വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്.

വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഉദയ്പൂര്‍ കൊലപാതകികളെ കുട്ടികള്‍ എന്ന് വിളിച്ചുവെന്നായിരുന്നു സീ ന്യൂസിലെ വാര്‍ത്ത.

വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്നായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കിയത്.

ഇത് പിന്നീട് വലിയ വിവാദമായിരുന്നു. പ്രതികളെ കുട്ടികള്‍ എന്ന് വിളിക്കുന്നതിലൂടെ കൊലപാതകം നടന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നത് വ്യക്തമാകുന്നുവെന്നും പരിപാടിയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരകന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സീ ന്യൂസിന്റെ മുംബൈയിലെയും നോയിഡയിലെയും ഓഫീസിന് മുമ്പിലും കോണ്‍ഗ്രസ് ശനിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു.

വിവിധ കേന്ദ്രമന്ത്രിമാരും വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് രാജ്യവര്‍ധന്‍ റാത്തോര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ നേരത്തെ രാജ്യവര്‍ധന്‍ റാത്തോറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ചാനലിനെതിരെ പ്രതിഷേധം വ്യാപകമായതോടെ സീ ന്യൂസ് അധികൃതര്‍ ക്ഷമാപണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെയും അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. വിഷയത്തില്‍ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

Content Highlight: Zee news anchor booked for spreading fake news against rahul gandhi