'അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത് തെറ്റായ വാര്‍ത്ത'; സീ ന്യൂസില്‍ നിന്ന് രാജിവെച്ച് മാധ്യമപ്രവര്‍ത്തകന്‍
CAA Protest
'അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത് തെറ്റായ വാര്‍ത്ത'; സീ ന്യൂസില്‍ നിന്ന് രാജിവെച്ച് മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2019, 4:11 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്ന സീ ന്യൂസ് നിലപാടില്‍ പ്രതിഷേധിച്ച് ചാനലില്‍ നിന്ന് രാജിവെച്ച് മാധ്യമപ്രവര്‍ത്തകന്‍. സീ മീഡിയ വീഡിയോ കണ്ടന്റ് ഹെഡ്ഡായ നസീര്‍ അസ്മിയാണ് രാജിവെച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 16 ന് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ആദ്യമായി പ്രതിഷേധം ആരംഭിച്ചപ്പോള്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ഡെയ്‌ലി ന്യൂസ് അനാലിസില്‍ ആദ്യം പറഞ്ഞത് ജനാധിപത്യമായ രീതിയിലുള്ള പ്രതിഷേധം നമ്മുടെ അവകാശമാണെന്നും എന്നാല്‍ ഈ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് പ്രതിഷേധത്തിന്റെ മറവില്‍ ചിലര്‍ അക്രമം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ കത്തിക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും മനപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയുമാണ് എന്നുമായിരുന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞത്. ചാനലിന്റെ ”ഏകപക്ഷീയ റിപ്പോര്‍ട്ടിംഗിന്റെ” ഉദാഹരണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അസ്മി ചൗധരിയുടെ ഷോ ഉദ്ധരിച്ചുകൊണ്ടാണ് സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയ്ക്ക് നസീര്‍ രാജിക്കത്ത് അയച്ചത്.

ചാനലിന്റെ നിലപാടും എഡിറ്റോറിയല്‍ തീരുമാനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഇദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

”സുധീര്‍ ഇപ്പോള്‍ വളരെ പ്രശസ്തനാണ്. അദ്ദേഹമറിയാതെ ഒന്നും സംഭവിക്കുന്നില്ല. അദ്ദേഹവും മറ്റ് കുറച്ചുപേരുമാണ് ഇപ്പോള്‍ സ്ഥാപനത്തെ നിയന്ത്രിക്കുന്നത്.’- നസീര്‍ പറഞ്ഞതായി ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തു.

”സീ മീഡിയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ പരാജയപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് സീ ന്യൂസ്, എന്റെ ജീവിതത്തിലെ വലിയൊരു സമയം ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ജെ.എന്‍.യുവിന്റെ കാര്യമായാലും കനയ്യ കുമാറിന്റെ കാര്യമായാലും അടുത്തിടെ നടത്ത എ.എം.യു, ജാമിഅ മില്ലിയ സംഭവത്തിലായാലും സീ ന്യൂസ് പരാജയപ്പെട്ടു കഴിഞ്ഞു.

സി.എ.എയ്ക്കും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്ന സംഭവത്തില്‍ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചാനല്‍ ശ്രമിച്ചു.

അതിനാല്‍, ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലും, മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കാനും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയും സീ ന്യൂസിലുള്ള എന്റെ സേവനം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു”- നാസിര്‍ രാജിക്കത്തില്‍ പറഞ്ഞു.

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പല വാര്‍ത്തകളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു.

”ജെ.എന്‍.യുവിലെ കാര്യം തന്നെ നോക്കൂ, 2016 ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നില്ല. പക്ഷേ എന്താണ് സംഭവിച്ചത്. ഒന്നോ രണ്ടോ ദിവസമല്ല ചാനലിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഞാന്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി.- അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആദ്യം പുറത്തുവിട്ടത് സീ ന്യൂസ് ആയിരുന്നു. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഈ വിഷയത്തില്‍ ചാനലിലെ ജീവനക്കാരിലൊരാള്‍ രാജിവെക്കുകയും ചെയ്തിരുന്നു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ”ഹിന്ദുവോന്‍ സെ ആസാദി” എന്ന് മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞുള്ള വീഡിയോ അടുത്തിടെ സീ ന്യൂസ് പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ ”ഇന്‍ ഡോനോ സെ ആസാദി” എന്ന് ”വിളിക്കുന്ന വീഡിയോയായിരുന്നു വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയത്.

ഫോറന്‍സിക് ലാബുകളില്‍ ഇത്തരം വീഡിയോകള്‍ വിശകലനം ചെയ്യുകയും സത്യം പുറത്തുവരികയും ചെയ്താല്‍ പോലും സീ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ ഒരിക്കലും തങ്ങളുടെ ഭാഗം വിശദീകരിക്കാറില്ലെന്നും നസീര്‍ പറഞ്ഞു.

ഡിസംബര്‍ 15 ന് ജാമിയ മില്ലിഅ ഇസ്‌ലാമിയയില്‍ നടന്ന പോലീസ് ക്രൂരതയ്ക്ക് ശേഷം പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിച്ചതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു ”എക്‌സ്‌ക്ലൂസീവ്” സീ സംപ്രേഷണം ചെയ്തു. ഒരു പ്രത്യേക സമൂഹം താമസിക്കുന്ന ചില മേഖലകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, ആ പ്രദേശത്തിന് ഒരു നിയമവും ബാധകമല്ല. നിരവധി കോളേജുകളിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലകളില്‍ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സീ ന്യൂസ് തീരുമാനിച്ചതായും നസീര്‍ അവകാശപ്പെട്ടു.

”ഞങ്ങള്‍ക്ക് എഡിറ്റര്‍മാര്‍ക്കായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പോലീസ് നടത്തിയ ക്രൂരതകള്‍ ഞാന്‍ നിരന്തരം ആ ഗ്രൂപ്പില്‍ കൈമാറുകയായിരുന്നു. നിങ്ങള്‍ ഇത് വിശ്വസിക്കില്ല, ഗ്രൂപ്പില്‍ നിന്നും ഒരു അഭിപ്രായമോ മറുപടിയോ ഉണ്ടായിരുന്നില്ല. അടുത്ത എഡിറ്റ് മീറ്റില്‍ കൈക്കൊണ്ട തീരുമാനം ഒരു തരത്തിലുള്ള പക്ഷവും പിടിക്കേണ്ടതില്ലെന്നും അക്രമം നടന്നുവെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു.

ഡിസംബര്‍ 4 ന് സീ മീഡിയ എനിക്ക് ഒരു കത്ത് അയച്ചു, എന്റെ പ്രകടനം ”ശരാശരിയേക്കാള്‍ താഴെയാണ്” എന്നും ഒരു മാസത്തേക്ക് എന്നെ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ ഭാഗത്തുനിന്നും ഉയരുന്ന നിരന്തരമായ ചോദ്യം ചെയ്യലിന്റെ അനന്തരഫലമായിരുന്നു ഇത്. ഞങ്ങളുടെ ടീം പോരെന്ന ആശങ്കയും ഞാന്‍ പങ്കുവെച്ചിരുന്നു. ഇത് മാത്രമല്ല സംഘര്‍ഷവുമായും മറ്റും ബന്ധപ്പെട്ട് ഞാന്‍ ഷെയര്‍ ചെയ്തിരുന്ന ഫേസ്ബുക്ക് പോസ്റ്റുകളും പ്രശ്‌നമായിരുന്നു. അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിലെ മേലധികാരികള്‍ എന്നെ നിരന്തരം വിളിക്കുമായിരുന്നു.

എന്റെ പ്രകടനം ശരാശരിക്ക് താഴെയായിരുന്നില്ല. മൂന്ന് മാസം മുമ്പ് അവര്‍ എന്നെ ക്ലസ്റ്റര്‍ 2 ലെവല്‍ ടീമിലേക്ക് മാറ്റി. ഒരു ചാനല്‍ കൈകാര്യം ചെയ്യുന്നതിനുപകരം, ഏഴോ എട്ടോ പ്രാദേശിക ചാനലുകള്‍ നോക്കാനായിരുന്നു ചുമതല. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍, പെട്ടെന്ന് അവര്‍ക്ക് എന്റെ പ്രകടനത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നി.”- നസീര്‍ പറഞ്ഞു.

എന്നാല്‍ ഒരു ഇവന്റ് കവര്‍ ചെയ്യുന്നത് ഒരു എഡിറ്റോറിയല്‍ ടീമാണെന്നും വീഡിയോ എഡിറ്റര്‍മാര്‍ക്ക് അക്കാര്യം തീരുമാനിക്കാനാവില്ലെന്നുമായിരുന്നു സീ മീഡിയയിലെ ക്ലസ്റ്റര്‍ 2 ന്റെ മാനേജിംഗ് എഡിറ്റര്‍ പുരുഷോത്തം വൈഷ്ണവ പറഞ്ഞത്.

നസീറുമായുള്ള പ്രശ്‌നങ്ങള്‍ വളരെ മുമ്പുതന്നെ ആരംഭിച്ചതാണ്. നേരത്തെ തന്നെ അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അദ്ദേഹം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനല്ലേയെന്ന് കരുതി ഞാന്‍ ഇടപെട്ടാണ് ക്ലസ്റ്റര്‍ 2 ലേക്ക് കൊണ്ടുപോയത്. ജോലിയിലെ പോരായ്മയാണ് പ്രധാനകാരണം.

ജാമിഅയുമായി ബന്ധപ്പെട്ട ഞങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് അദ്ദേഹത്തിന് തീരുമാനം എടുക്കാന്‍ കഴിയില്ല. അദ്ദേഹം വീഡിയോ ടീമിന്റെ തലവന്‍ മാത്രമാണ്- എന്നായിരുന്നു വൈഷ്ണവയുടെ വിശദീകരണം.

നസീര്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയതാണെന്നും വംശീയമായ അധിക്ഷേപം നടത്തിയെന്നുമാണ് അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചതെന്നും
അങ്ങനെയൊന്നും സംഭവിച്ചില്ലെന്നുമാണ് സീ ന്യൂസിലെ മറ്റൊരു ജീവനക്കാരന്റെ പ്രതികരണം.

ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് പ്രത്യയശാസ്ത്രത്തില്‍ വ്യത്യാസമുണ്ടാകാം, രാജിവയ്ക്കാം, എന്നാല്‍ സ്വയം രക്ഷകനെന്ന് വിളിക്കുന്നത് കടന്ന കയ്യാണ്. ഇവിടെ സീയില്‍, മതത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ വിവേചനം കാണിക്കുന്നില്ല, കത്തില്‍ നിരവധി പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചു. തീര്‍ച്ചയായും, അദ്ദേഹത്തിനും കുറച്ച് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നിരിക്കെ അദ്ദേഹം നായകനാകാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നായിരുന്നു ഇയാള്‍ പരഞ്ഞത്.

അതേസമയം സീ ന്യൂസിലെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ചൗധരി ഉള്‍പ്പെടെ നാലോ അഞ്ചോ ആളുകളടങ്ങുന്ന അവിശുദ്ധ കൂട്ടികെട്ടാണെന്ന നസീറിന്റെ ആരോപണം ശരിവെച്ച് സീ മീഡിയയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.

”നിങ്ങളെ ആവശ്യമില്ലെന്ന് ഓര്‍ഗനൈസേഷന്‍ തീരുമാനിക്കുന്ന നിമിഷം, സാധ്യമായ എല്ലാ തെറ്റും അവര്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങും. അത്തരത്തിലൊരു അവിശുദ്ധ ബന്ധം തീര്‍ച്ചയായും അവിടെയുണ്ട്. പക്ഷേ മാധ്യമങ്ങള്‍ പൊതുവെ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ