ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയ കേസില്‍ സീ ന്യൂസ് അവതാരകന് സംരക്ഷണം നല്‍കി സുപ്രീം കോടതി. യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയ സീ ന്യൂസ് ആങ്കര്‍ രോഹിത് രഞ്ജനെ ഇനി അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
വയനാട്ടില്‍ തന്റെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രാജസ്ഥാനിലെ ഉദയ്പൂരിലെ കനയ്യ ലാലിന്റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വീഡിയോ ഉണ്ടാക്കി സീ ന്യൂസില്‍ കാണിച്ചതാണ് രോഹിത് രഞ്ജനെതിരായ കേസ്.
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചാണ് രോഹിത്തിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കിയത്. ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും പൊലീസിനോട് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ചൊവ്വാഴ്ച രോഹിത് രഞ്ജനെ ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും പൊലീസ് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ യു.പി പൊലീസ് അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു രോഹിത്. ഒരേകുറ്റത്തിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ബുധനാഴ്ചയാണ് രോഹിത് സുപ്രീം കോടതിയിലെത്തിയത്.
CONTENT HIGHGLIGHTS: Zee Anchor Gets Protection From Arrest Over Rahul Gandhi Fake News