മുംബൈ ഭീകരാക്രമണം: പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ ഉടന്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി
India
മുംബൈ ഭീകരാക്രമണം: പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ ഉടന്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st August 2012, 12:46 am

ടെഹ്‌റാന്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ പാക്കിസ്ഥാനിലെ വിചാരണ എത്രയുംവേഗം ആരംഭിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്‌ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ആവശ്യപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചേരിചേരാ ഉച്ചകോടിക്കായാണ് ഇരു നേതാക്കളും ഇവിടെയെത്തിയത്.

മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് സര്‍ദാരി അറിയിച്ചു. പാക്കിസ്ഥാന്‍ നിയോഗിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ വീണ്ടും ഇന്ത്യയിലെത്തി വിവരശേഖരണം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ദാരി ഉന്നയിച്ചു.[]

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ സര്‍ദാരി പ്രധാനമന്ത്രിയെ വീണ്ടും ക്ഷണിച്ചു. എന്നാല്‍, ഉചിതമായ സമയത്ത് രാജ്യം സന്ദര്‍ശിക്കുമെന്ന് മന്‍മോഹന്‍ സിങ് അറിയിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാവണം സന്ദര്‍ശനമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, സിറിയ പ്രധാനമന്ത്രി വാഇല്‍ നാദിര്‍ അല്‍ ഹല്‍ഖി എന്നിവരുമായും മന്‍മോഹന്‍ വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. അഫ്ഗാന്‍ പ്രസിഡന്റ് നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തീരുമാനമായിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി, പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ്‌ എന്നിവരുമായി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ വര്‍ഷം രണ്ടാംതവണയാണ് മന്‍മോഹനും സര്‍ദാരിയും കൂടിക്കാഴ്ച നടത്തുന്നത്. അജ്മീറില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സര്‍ദാരി ഏപ്രില്‍ മാസത്തില്‍ ന്യൂദല്‍ഹിയില്‍വെച്ച് മന്‍മോഹന്‍സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക് തീവ്രവാദി അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതിന്‌ പിന്നാലെയാണ് ഇത്തവണത്തെ കൂടിക്കാഴ്ച നടന്നത്.

ചേരിചേരാ പ്രസ്ഥാനത്തിന്റെ  പതിനാറാം ഉച്ചകോടിയില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഇന്ത്യ ഒരിക്കല്‍ക്കൂടി പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തിന് എത്രയുംവേഗം പരിഹാരം കണ്ടെത്താന്‍ ചേരിചേരാപ്രസ്ഥാനം ശക്തമായ പിന്തുണ നല്‍കണമെന്ന് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആഹ്വാനം ചെയ്തു.

ആഗോള ഭീകരവാദവും സമൂല നശീകരണശേഷിയുള്ള ആയുധങ്ങളുടെ വ്യാപനവുമാണ് ലോകം നേരിടുന്ന മുഖ്യ ഭീഷണിയെന്ന ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചു.

പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമായി ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലകപ്പെട്ട സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബഹുസ്വര ജനാധിപത്യ സംവിധാനം നിലവില്‍ വരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് ഉച്ചകോടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

എത്രയോ കാലമായി ദുഃഖാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീന്‍ ജനതയ്ക്ക് സ്വന്തമായൊരു രാജ്യത്ത് അന്തസ്സായും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.