മാഡ്രിഡ്: ഗസയിലെ സംഘർഷാവസ്ഥ പ്രചോദനമാക്കി പുതിയ വസ്ത്ര കളക്ഷൻ അവതരിപ്പിച്ച ആഗോള ഫാഷൻ ബ്രാൻഡ് സാറക്കെതിരെ വ്യാപക പ്രതിഷേധം.
ദി ജാക്കറ്റ് എന്ന സാറയുടെ പുതിയ പ്രൊമോഷണൽ ക്യാമ്പയിനിന്റെ ഭാഗമായുള്ള കളക്ഷനിൽ നിന്നുള്ള ചിത്രങ്ങളിൽ ഡമ്മികൾ വെളുത്ത തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചുറ്റിവരഞ്ഞതായി കാണാം.
ഗസയിൽ പരമ്പരാഗതമായി വെളുത്ത തുണി ഉപയോഗിച്ച് മൃതദേഹങ്ങൾ പൊതിയുന്നതിന് സമാനമാണ് ഇതെന്ന് നിരവധി ആളുകൾ ചൂണ്ടിക്കാട്ടി. ക്യാമ്പയിൻനിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിൽ കലാപ അന്തരീക്ഷത്തിന്റെ സെറ്റും ഉപയോഗിച്ചിട്ടുണ്ട്.
പാറകളെയും കെട്ടിടാവശിഷ്ടങ്ങളെയും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിൽ ഫലസ്തീൻ ഭൂപടത്തിന് സമാനമായ കാർബോർഡ് കട്ടൗട്ടും ഉപയോഗിച്ചിട്ടുണ്ട്.
കലാപരമായ ആവിഷ്കാരത്തോടുള്ള അഭിനിവേശവും പ്രതിബദ്ധതയും ആഘോഷിക്കുന്നതിന് വേണ്ടി സാറ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ സീരീസിന്റെ ഭാഗമായാണ് ദി ജാക്കറ്റ് ക്യാമ്പയിൻ നടത്തിയത്.
‘ മരണവും ദുരിതവും ഫാഷന്റെ പശ്ചാത്തലമായി ഉപയോഗിക്കുന്നത് വളരെ കടുത്തുപോയി. ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മൾ ഇതിനെതിരെ പ്രതികരിക്കണം. സാറയെ ബഹിഷ്കരിക്കൂ,’ ഫലസ്തീനി കലാകാരി ഹാസം ഹാർബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2021ൽ സാറയുടെ ഹെഡ് ഡിസൈനർ ഇൻസ്റ്റഗ്രാമിൽ ഫലസ്തീനി മോഡലിനോട് ഫലസ്തീൻ വിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ സമാനമായ ബഹിഷ്കരണ പ്രചാരണം നടന്നിരുന്നു.
‘ നിങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇസ്രഈൽ പണം ചെലവഴിച്ച ആശുപത്രികളും സ്കൂളുകളും അവർ തകർക്കുമായിരുന്നില്ല,’ ഹെഡ് ഡിസൈനർ വനേസ പെരിൽമാൻ ഫലസ്തീനി മോഡൽ ഖാഹർ ഹർഹാഷിനോട് പറഞ്ഞു.