“” ഞാന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത 21 കുട്ടികളെ അന്ന് അവിടെ ഉണ്ടായിരുന്ന ഒരു അധ്യാപകന്‍ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇടപെട്ടതുമുതലാണ് എന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നാലരവര്‍ഷം നീണ്ടുനില്‍ക്കുന്ന നിയമ പോരാട്ടത്തിനിടയില്‍ മുന്ന് തവണ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നിയമം വഴി തന്നെ ലഭിച്ചിട്ടും ഞാനിപ്പോഴും സ്‌കൂളിന് പുറത്താണ്”- കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന ഗിരിജന്‍ മാഷിന്റെ വാക്കുകളാണ് ഇത്.
135 വര്‍ഷമായി സ്‌കൂളിന് ഉണ്ടായിരുന്ന സല്‍പ്പേര് നശിപ്പിച്ചു, സഹപ്രവര്‍ത്തകന് എതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു, എട്ടാം ക്‌ളാസിലെ ഒരു ഡിവിഷനില്‍ മാത്രം തുടര്‍ച്ചയായി ക്‌ളാസെടുക്കാറില്ല, സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍മ്പ് തീര്‍ത്തില്ല എന്നിവയാണ് മാനേജ്‌മെന്റ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെന്ന് ഗിരിജന്‍ മാഷ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 ആഗസ്റ്റ് 20നാണ് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
“2013ല്‍ ആണ് സസ്‌പെന്റ് ചെയ്യുന്നതിന് ആസ്പദമായ സംഭവങ്ങള്‍ സ്‌കൂളില്‍ നടക്കുന്നത്. 21 കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്ന് അവിടത്തെ ഒരു അധ്യാപകനെതിരെ ഉയര്‍ന്ന പരാതി. അതിന്റെ അടിസ്ഥാനത്തില്‍ അയാളെ പി.ടി.എ ഇടപെട്ട് ലീവെടുപ്പിച്ച് സ്‌കൂളില്‍ നിന്നും പുറത്തു നിര്‍ത്തി. 2014ല്‍ ആരോപണ വിധേയനായ അധ്യാപകനെ സര്‍വ്വീസില്‍ തിരിച്ചു കൊണ്ട് വരാന്‍ ശ്രമം നടത്തിയപ്പോള്‍ അന്നത്തെ പി.ടി.എ പ്രസിഡന്റും വക്കീല്‍ ആയ അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് പരാതിപ്പെട്ട കുട്ടികളോട് സംസാരിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതുമായി അന്നത്തെ മനേജര്‍ രാമ വര്‍മ്മയെ സമീപിച്ച പി.ടി.എ പ്രസിഡന്റിന് പൊലീസില്‍ പരാതിപ്പെടാനുള്ള നിര്‍ദ്ദേശമാണ് മാനേജമെന്റ് നല്‍കിയത്. അതോടെ വിഷയം ചാനലുകളില്‍ എത്തി.”- മാസ്റ്റര്‍ വിശദീകരിക്കുന്നു.
“മനോരമയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ആദ്യമായി ഈ വിഷയം വാര്‍ത്തയാക്കിയത്. സ്‌കൂളില്‍ എത്തിയ പത്രപ്രവര്‍ത്തരോട് കുട്ടികളെ ഉപദ്രവിച്ചത് ആരായാലും അവരെ മാതൃകാ പരമായി ശിക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞു. 2014 ആഗസ്റ്റ് 18ാം തീയതി അവരത് ടെലികാസ്റ്റ് ചെയ്തു. ആ വാര്‍ത്ത വിഷയമായതോടെ വിദ്യാര്‍ത്ഥി സംഘടനകളും മറ്റും സ്‌കൂളിലേക്ക് പ്രകടനം നടത്തി. അസുഖബാധയെ തുടര്‍ന്ന് മെഡിക്കല്‍ ലീവിലായിരുന്നു എനിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആറ് കാരണങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്നെ സസ്‌പെന്റ് ചെയ്യാന്‍ പോകുന്നു എന്ന കത്ത് ലഭിച്ചു. വിഷയങ്ങളിലെ സത്യാവസ്ഥ അന്നത്തെ ഡി.ഇ.ഒ ജയശ്രീയെ അറിയിച്ചിരുന്നെങ്കിലും അവര്‍ എന്നെ സസ്‌പെന്റ് ചെയ്യാനുള്ള അനുമതി കൊടുക്കുകയായിരുന്നു.” ഗിരിജന്‍ മാഷ് പറയുന്നു.
അതേസമയം വിഷയത്തില്‍ മാനേജിമെന്റിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ വിഷയത്തോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നാണ് അവര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പ്രതികരണം തേടിയപ്പോള്‍ നാലരവര്‍ഷം മുന്‍മ്പ് നടന്ന വിഷയമാണിതെന്നും മാനേജ്മെന്റിന്റെ തീരുമാനം ആയിരുന്നുവെന്നും അതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഹെഡ്മാസ്റ്റര്‍ അറിയിച്ചത്. “പുറത്താക്കാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. കോടതിയില്‍ കേസ് നടക്കുന്ന വിഷയത്തിന്റെ കാരണങ്ങള്‍ പുറത്ത് പറയാന്‍ ബുദ്ധിമുട്ടുണ്ട്”-. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാനേജ്മെന്റ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അവകാശം സ്‌കൂള്‍ മാനേജര്‍ അടങ്ങുന്ന കമ്മറ്റിക്കാണെന്നും എങ്കിലും യാതൊരു കാരണവും ഇല്ലാതെ സര്‍വ്വീസിലിരിക്കുന്ന ഒരു അധ്യാപകനെ പിരിച്ചുവിടാന്‍ മാനേജ്മെന്റിന് അധികാരമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.
“”അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെഷന്‍ എന്നാണ് മാനേജ്മെന്റ് ജില്ലാ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്. രണ്ട് തവണ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറിന് കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് മാനേജ്മെന്റിനോട് അധ്യാപകനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനം എന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശവും വൈകാതെ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അതാണ് പ്രാഥമികമായി വിദ്യാഭ്യാസ വകുപ്പിന് ഇപ്പോള്‍ ചെയ്യാനുള്ളത്. നിര്‍ദ്ദേശം അവഗണിക്കുന്ന നടപടിയാണ് മാനേജ്മെന്റ് ഇപ്പോഴും സ്വീകരിക്കുന്നതെങ്കില്‍ കൂടുതല്‍ നടപടിയിലേക്ക് നീങ്ങും””. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെറ്റ് ചെയ്താല്‍ 14 ദിവസത്തിനകം അന്വേഷണം നടത്തണം എന്ന വ്യവസ്ഥ ഒന്നും ഈ വിഷയത്തില്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഗിരിജന്‍ മാസ്റ്റര്‍ പറയുന്നത്. ഇന്‍ഡിമേഷന്‍ ലെറ്റര്‍ പോലും നല്‍കാതെ സസ്‌പെഷന്‍ കാലയളവ് 14 ദിവസമെന്നുള്ളത് ആറ് മാസത്തില്‍ അതികമാക്കാനും മാനേജ്‌മെന്റിന് സാധിച്ചു. അത് കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ നടക്കേണ്ട വിശദമായ അന്വേഷണവും കൃത്യമായി നടന്നില്ല.
സസ്‌പെഷനില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന് ആദ്യത്തെ ഒരു വര്‍ഷം 50 ശതമാനം ഉപജീവനബത്ത നല്‍കണമെന്നും, ഒരു വര്‍ഷം കഴിഞ്ഞാല്‍ 75 ശതമാനം നല്‍കണമെന്നും നിയമമുണ്ട്. തുടര്‍ അന്വേഷണത്തിന് ഉത്തരവ് വന്നാല്‍ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ആണ് നിയമം. പക്ഷെ, ശമ്പളത്തിന്റെ 35 ശതമാനമാണ് എനിക്ക് ലഭിക്കുന്നത്. മാസം 24220 രൂപയാണ് അത്. ആ തുക കൊണ്ട് ജീവിതവും ചികിത്സയും നടക്കാതെ വന്നപ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടും അസുഖവും ജീവിതത്തെ ബാധിച്ചപ്പോഴുമാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിപ്പെട്ടതും ഇപ്പോള്‍ അനുകുലമായ പ്രഖ്യാപനം ഉണ്ടായതും”. നാലര വര്‍ഷത്തെ നിയമപോരാട്ടത്തെ കുറിച്ച് ഗിരിജന്‍ മാഷ് പറഞ്ഞു.
“അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കുള്‍ മാനേജ്മെന്റ് സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചടുക്കണമെന്ന ഉത്തരവ്” ഈ മാസം 14നാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ് പുറത്തിറക്കിയത്. 2014 ആഗസ്റ്റ് 20ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഗിരിജനെ 2017 ആഗസ്റ്റ് നാലിന് തിരിച്ചെടുക്കാന്‍ സര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ ഹര്‍ജിയിലും ഗിരിജന്‍ മാഷിന് അനുകൂലമായി തന്നെ വിധി ഉണ്ടായി. അച്ചടക്ക നടപടി പൂര്‍ത്തിയാക്കി അധ്യാപകനെ തിരിച്ചെടുക്കാനാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍, മാനേജര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ചും ഉത്തരവായെങ്കിലും മാനേജര്‍ അതിനെ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ് പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് പുതുതായി ഗിരിജന്‍ മാഷിനെ തിരിച്ചെടുക്കാനുള്ള അറിയിപ്പ് നല്‍കിയത്. അധ്യാപകന്റെ തടഞ്ഞുവച്ച അലവന്‍സുകള്‍ നല്‍കാനും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നുണ്ട്.