| Thursday, 24th June 2021, 4:09 pm

ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്ന് വാര്‍ത്താവതരണത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍; മദ്യപിച്ച് വാര്‍ത്ത വായിച്ചുവെന്ന് ചാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാംബിയ: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ തനിക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് വാര്‍ത്താ അവതാരകന്‍. സാംബിയയിലാണ് സംഭവം.

കെ.ബി.എന്‍. ടി.വി ചാനലിലെ വാര്‍ത്താവതാരകനായ കബിന്‍ഡ കലിമിനയാണ് ചാനല്‍ അധികൃതര്‍ തനിക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന കാര്യം പരസ്യമായി പറഞ്ഞത്.

കഴിഞ്ഞദിവസം രാത്രി നടന്ന റൗണ്ട് അപ്പ് ബുള്ളറ്റിനില്‍ സാധാരണ രീതിയിലാണ് കലിമിനി വാര്‍ത്ത വായിച്ചു തുടങ്ങിയത്. പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വായിച്ചശേഷം പെട്ടെന്ന് അദ്ദേഹം നിശബ്ദനായി.

പിന്നീട് തങ്ങളും മനുഷ്യരാണെന്നും ജീവിക്കാന്‍ ഞങ്ങള്‍ക്ക് ശമ്പളം വേണമെന്നും അദ്ദേഹം പറയുകയായിരുന്നു.

വാര്‍ത്തകള്‍പ്പുറത്തുള്ള ഒരു കാര്യമാണ് ഇനി പറയാനുള്ളത്. ഞങ്ങളും മനുഷ്യരാണ്. ശമ്പളം കിട്ടിയാലെ ജീവിക്കാന്‍ പറ്റുകയുള്ളു. ഇവിടെ ആര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല,’ കലിമിന പറഞ്ഞു.

ഇപ്പോള്‍ നേരിടുന്ന അനീതിയെപ്പറ്റി പറയാന്‍ മാധ്യമപ്രവര്‍ത്തകരായിരുന്നിട്ട് കൂടി പലര്‍ക്കും ഭയമാണെന്നും തങ്ങള്‍ക്കായി ആരും ശബ്ദമുയര്‍ത്താറില്ലെന്നും കലിമിന പറഞ്ഞു.

‘കെ.ബി.എന്‍. ടിവി അധികൃതര്‍ ഞങ്ങള്‍ക്ക് ശമ്പളം തന്നിട്ടില്ല. സഹപ്രവര്‍ത്തകനായ ഷാരോണിനും കിട്ടിയിട്ടില്ല. എല്ലാവരുടെയും സ്ഥിതി ഒരുപോലെയാണ്,’ കലിമിന പറഞ്ഞു.

പിന്നീട് ഓരോ സഹപ്രവര്‍ത്തകരുടെയും പേരെടുത്ത് പറഞ്ഞ കലിമിന ചാനല്‍ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു.
ഇതോടെ വാര്‍ത്താവതരണം കട്ടായി.

എന്നാല്‍ കലിമിനയുടെ വാര്‍ത്താവതരണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു.

ഇതോടെ കലിമിന മദ്യപിച്ചാണ് വാര്‍ത്ത വായിച്ചതെന്നും സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമായിരുന്നു കെ.ബി.എന്‍. ടിവി ചാനല്‍ അധികൃതര്‍ മറുപടി നല്‍കിയത്. കലിമിനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ അന്നേദിവസം മൂന്ന് ന്യൂസ് ബുള്ളറ്റിനുകളാണ് താന്‍ അവതരിപ്പിച്ചതെന്നും മദ്യപിച്ചിരുന്നുവെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക എന്നായിരുന്നു കലിമിനയുടെ ചോദ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Zambian TV anchor interrupts his live bulletin to complain that he and his colleagues have not received wages

We use cookies to give you the best possible experience. Learn more