സാംബിയ: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ തനിക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് വാര്‍ത്താ അവതാരകന്‍. സാംബിയയിലാണ് സംഭവം.
കെ.ബി.എന്‍. ടി.വി ചാനലിലെ വാര്‍ത്താവതാരകനായ കബിന്‍ഡ കലിമിനയാണ് ചാനല്‍ അധികൃതര്‍ തനിക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന കാര്യം പരസ്യമായി പറഞ്ഞത്.
കഴിഞ്ഞദിവസം രാത്രി നടന്ന റൗണ്ട് അപ്പ് ബുള്ളറ്റിനില്‍ സാധാരണ രീതിയിലാണ് കലിമിനി വാര്‍ത്ത വായിച്ചു തുടങ്ങിയത്. പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വായിച്ചശേഷം പെട്ടെന്ന് അദ്ദേഹം നിശബ്ദനായി.
പിന്നീട് തങ്ങളും മനുഷ്യരാണെന്നും ജീവിക്കാന്‍ ഞങ്ങള്‍ക്ക് ശമ്പളം വേണമെന്നും അദ്ദേഹം പറയുകയായിരുന്നു.
വാര്‍ത്തകള്‍പ്പുറത്തുള്ള ഒരു കാര്യമാണ് ഇനി പറയാനുള്ളത്. ഞങ്ങളും മനുഷ്യരാണ്. ശമ്പളം കിട്ടിയാലെ ജീവിക്കാന്‍ പറ്റുകയുള്ളു. ഇവിടെ ആര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല,’ കലിമിന പറഞ്ഞു.
ഇപ്പോള്‍ നേരിടുന്ന അനീതിയെപ്പറ്റി പറയാന്‍ മാധ്യമപ്രവര്‍ത്തകരായിരുന്നിട്ട് കൂടി പലര്‍ക്കും ഭയമാണെന്നും തങ്ങള്‍ക്കായി ആരും ശബ്ദമുയര്‍ത്താറില്ലെന്നും കലിമിന പറഞ്ഞു.
‘കെ.ബി.എന്‍. ടിവി അധികൃതര്‍ ഞങ്ങള്‍ക്ക് ശമ്പളം തന്നിട്ടില്ല. സഹപ്രവര്‍ത്തകനായ ഷാരോണിനും കിട്ടിയിട്ടില്ല. എല്ലാവരുടെയും സ്ഥിതി ഒരുപോലെയാണ്,’ കലിമിന പറഞ്ഞു.
പിന്നീട് ഓരോ സഹപ്രവര്‍ത്തകരുടെയും പേരെടുത്ത് പറഞ്ഞ കലിമിന ചാനല്‍ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു.
ഇതോടെ വാര്‍ത്താവതരണം കട്ടായി.
ഇതോടെ കലിമിന മദ്യപിച്ചാണ് വാര്‍ത്ത വായിച്ചതെന്നും സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമായിരുന്നു കെ.ബി.എന്‍. ടിവി ചാനല്‍ അധികൃതര്‍ മറുപടി നല്‍കിയത്. കലിമിനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ അന്നേദിവസം മൂന്ന് ന്യൂസ് ബുള്ളറ്റിനുകളാണ് താന്‍ അവതരിപ്പിച്ചതെന്നും മദ്യപിച്ചിരുന്നുവെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക എന്നായിരുന്നു കലിമിനയുടെ ചോദ്യം.