| Wednesday, 14th August 2019, 2:05 pm

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ല, അദ്ദേഹത്തെ കൊണ്ടുപോകേണ്ടവര്‍ക്ക് ഇവിടേക്ക് സ്വാഗതം; മലേഷ്യന്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി. ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ അദ്ദേഹം മലേഷ്യയില്‍ തന്നെ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി മഹാദിര്‍ ബിന്‍ മുഹമ്മദ് പറഞ്ഞത്. .

”അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാല്‍ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

സാക്കിര്‍ നായികിനെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മലേഷ്യയിലെ സ്ഥിരം നിവാസിയായ സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരന്‍ ആയിരുന്നു ആവശ്യപ്പെത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായികിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.

ഇതിന് പിന്നാലെ സാക്കിര്‍ നായികിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കുലശേഖരന്‍ രംഗത്തെത്തുകയായിരുന്നു.

ഇന്ത്യന്‍ ഏജന്‍സികള്‍ മുന്‍പ് രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റര്‍പോള്‍ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചത്. സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ചിട്ടും ഇന്റര്‍പോള്‍ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം.

മലേഷ്യ ഇന്റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ല്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറില്‍ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ സാക്കിര്‍ നായികിനെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്.

സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാക്കിര്‍ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more