| Thursday, 9th November 2017, 11:37 pm

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറാമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കൈമാറുമെന്ന് മലേഷ്യ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അറിയിച്ചു.

മലേഷ്യന്‍ പാര്‍ലമെന്റിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാനായി മന്ത്രാലയം ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് മലേഷ്യ തങ്ങളുടെ നിലപാട് അറിയിച്ചത്.സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

ഇതുസംബന്ധിച്ച കേസില്‍ ദേശീയ അന്വേഷണ എജന്‍സി കുറ്റപ്പത്രവും സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക് മലേഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മലേഷ്യയില്‍ നായിക്കിനെതിരെ കേസൊന്നുമില്ലാത്തതിനാലാണ് സ്ഥിരതാമസാനുമതി നല്‍കിയതെന്നാണ് മലേഷ്യയുടെ വാദം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് മുമ്പാണ് സാക്കിറിന് സ്ഥിര താമസാനുമതി നല്‍കിയതെന്നും സാക്കീര്‍ നായിക്കിന്റെ സ്ഥിര താമസത്തിനുള്ള അനുമതി റദ്ദാക്കില്ലെന്നും മലേഷ്യ അറിയിച്ചു.


Also Read ഭീകരില്‍ നിന്ന് അവസാന നഗരവും പിടിച്ചെടുത്തു; ഐ.എസിനെ തുരത്തി സിറിയ


ഭീകരരെ സഹായിച്ചുവെന്നും അവര്‍ക്ക് പണമെത്തിക്കുന്നുവെന്നുമുള്ള ആരോപണവുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 18-നാണ് സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ബ്രാഞ്ച് കേസെടുത്തത്.

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണമാണ് തങ്ങളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് ബംഗ്ലാദേശില്‍ പിടിലായ ഭീകരര്‍ ആരോപിച്ചുവെന്ന റിപ്പോര്‍ട്ടിനെത്തുര്‍ന്നായിരുന്നു കേസെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അടപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ഇന്ത്യയില്‍ നിന്നും പോയ സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ല.

We use cookies to give you the best possible experience. Learn more