| Sunday, 4th August 2024, 3:55 pm

ടെസ്റ്റില്‍ അവനെപ്പോലൊരു കളിക്കാരനില്ല; വമ്പന്‍ പ്രസ്താവനയുമായി ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസന്‍. ടെസ്റ്റില്‍ പൂജാരെയെപ്പോലെ മറ്റൊരു താരമില്ലെന്നാണ് സാക്കിര്‍ പറഞ്ഞത്. ടെസ്റ്റില്‍ അദ്ദേഹത്തെപ്പോലെ ദീര്‍ഘസമയം കളിച്ച് വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്നാണ് താരം പറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പൂജാര. മൂന്നാം നമ്പര്‍ സ്ലോട്ടിലെ ഗംഭീര ബാറ്റിങ് പ്രകടനം ഇന്ത്യയുടെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ ബാറ്റര്‍മാര്‍ക്ക് അവനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത് മത്സര സാഹചര്യത്തെയും ഞങ്ങളുടെ ടീമിന്റെ ആസൂത്രണത്തെയും ആശ്രയിച്ചിരിക്കും. ഇന്ത്യന്‍ ബാറ്റര്‍മാരുടെ റോള്‍ തികച്ചും വ്യത്യസ്തമാണ്.

പൂജാരയ്ക്ക് മാത്രമാണ് വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള കഴിവുള്ളൂ, മറ്റ് കളിക്കാര്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. ദീര്‍ഘനേരം ബാറ്റ് ചെയ്യാനും എതിരാളികളെ തളര്‍ത്താനും അദ്ദേഹത്തിന് കഴിയും, എന്നോട് ചോദിച്ചാല്‍ പൂജാരയെപ്പോലൊരു കളിക്കാനാകില്ല. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ എന്റെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഞാന്‍ സമയമെടുക്കുന്നു,’ സാക്കിര്‍ പറഞ്ഞു.

103 ടെസ്റ്റ് മത്സരത്തിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സും 206 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും പൂജാരയ്ക്ക് ഉണ്ട്. 43.37 എന്ന മികച്ച ആവറേജും താരത്തിനുണ്ട്.

ഇന്ത്യയ്ക്കെതിരായ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ 26കാരനായ സാക്കിര്‍ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയിരുന്നു. ഏഴ് ടെസ്റ്റില്‍ നിന്ന് 455 റണ്‍സാണ് താരം നേടിയത്.

Content Highlight: Zakir Hassan Talking About Cheteshwar Pujara

We use cookies to give you the best possible experience. Learn more