ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ല്‍ നടന്ന ഗോദ്ര കലാപത്തിന് കാരണമായ സബര്‍മതി എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ച് ഹിന്ദുത്വ ഗ്രൂപ്പുകള്‍ കത്തിച്ചുവെന്ന വാദം അസംബന്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി).
”സംഭവത്തിന് മുമ്പുതന്നെ, ഫെബ്രുവരി 27 ന് മുമ്പ് തന്നെ ആയുധശേഖരം ഉണ്ടായിരുന്നു എന്നതാണ് ആരോപണം. ഇത് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഞാന്‍ വി.എച്ച്.പിയുടെ തീവ്ര ഹിന്ദു അംഗമാണെന്നും ട്രെയിന്‍ കത്തിച്ച സംഭവത്തിന്റെ തീയതി അറിയാതെ ഫെബ്രുവരി 25 ന് ഞാന്‍ ആയുധം സൂക്ഷിക്കുകയാണെന്നും പറയുക, അതില്‍ അര്‍ത്ഥമില്ല,”
എസ്.ഐ.ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.
അന്വേഷണ പ്രക്രിയയില്‍ എസ്.ഐ.ടി അങ്ങേയറ്റം പ്രതിബദ്ധത കാണിച്ചിട്ടുണ്ടെന്ന് റോത്തഗി വാദിച്ചു.
എസ്.ഐ.ടി ചിലരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന സാകിയ ജാഫ്രിയുടെ വാദത്തെ റോത്തഗി ശക്തമായി എതിര്‍ത്തു.
ഗുജറാത്ത് വംശഹത്യയില്‍ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതിയിലാണ് സാകിയ ഇക്കാര്യം അറിയിച്ചത്.
വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി ഒരു അന്വേഷണവും നടത്താതെ എസ്.ഐ.ടി അംഗീകരിക്കുകയായിരുന്നെന്നാണ് സാകിയ ജാഫ്രിക്കായി ഹാജരായ കപില്‍ സിബല്‍ പറഞ്ഞത്.
ഗോദ്ര ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തും മുമ്പ് 3,000 ആര്‍.എസ്.എസുകാരാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനെതിരെ സകിയ ജാഫ്രി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
Content Highlights: Zakia Jafri plea on Godhra riots: Absurd to say train burning orchestrated by Hindu groups, SIT tells SC