ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ല്‍ നടന്ന ഗോദ്ര കലാപത്തിന് കാരണമായ സബര്‍മതി എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ച് ഹിന്ദുത്വ ഗ്രൂപ്പുകള്‍ കത്തിച്ചുവെന്ന വാദം അസംബന്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി).
”സംഭവത്തിന് മുമ്പുതന്നെ, ഫെബ്രുവരി 27 ന് മുമ്പ് തന്നെ ആയുധശേഖരം ഉണ്ടായിരുന്നു എന്നതാണ് ആരോപണം. ഇത് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഞാന്‍ വി.എച്ച്.പിയുടെ തീവ്ര ഹിന്ദു അംഗമാണെന്നും ട്രെയിന്‍ കത്തിച്ച സംഭവത്തിന്റെ തീയതി അറിയാതെ ഫെബ്രുവരി 25 ന് ഞാന്‍ ആയുധം സൂക്ഷിക്കുകയാണെന്നും പറയുക, അതില്‍ അര്‍ത്ഥമില്ല,”
എസ്.ഐ.ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.
അന്വേഷണ പ്രക്രിയയില്‍ എസ്.ഐ.ടി അങ്ങേയറ്റം പ്രതിബദ്ധത കാണിച്ചിട്ടുണ്ടെന്ന് റോത്തഗി വാദിച്ചു.
എസ്.ഐ.ടി ചിലരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന സാകിയ ജാഫ്രിയുടെ വാദത്തെ റോത്തഗി ശക്തമായി എതിര്‍ത്തു.
ഗുജറാത്ത് വംശഹത്യയില്‍ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതിയിലാണ് സാകിയ ഇക്കാര്യം അറിയിച്ചത്.