'രണ്ട് പെണ്‍മക്കളുടെ അമ്മയെന്ന നിലയില്‍ എന്നെ നടുക്കിയ സംഭവം'; സൈറയ്‌ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി മെഹബൂബ മുഫ്തി
Daily News
'രണ്ട് പെണ്‍മക്കളുടെ അമ്മയെന്ന നിലയില്‍ എന്നെ നടുക്കിയ സംഭവം'; സൈറയ്‌ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി മെഹബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2017, 11:36 pm

 

ശ്രീനഗര്‍: ബോളിവുഡ് താരം സൈറ വസീമിന് എതിരായ ലൈംഗിക അതിക്രമത്തില്‍ നടുക്കം രേഖപ്പെടുത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.

സ്ത്രീകള്‍ക്കെതിരായ ഏതൊരു അതിക്രമത്തേയും ശക്തമായി നേരിടണെന്നും മെഹബൂബ പ്രതികരിച്ചു. രണ്ട് പെണ്‍മക്കളുടെ അമ്മയെന്ന നിലയില്‍ തന്നെ നടുക്കുന്നതായിരുന്നു സൈറയ്‌ക്കെതിരായ അതിക്രമമെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

ദംഗലിലൂടെ ശ്രദ്ധേയയായ സൈറ കശ്മീര്‍ സ്വദേശിയാണ്. എയര്‍ വിസതരയുടെ വിമാനത്തില്‍ ദല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു താരത്തെ ലൈംഗികമായി അതിക്രമിച്ചത്. സംഭവത്തെ കുറിച്ച് സൈറ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.

വിമാനത്തില്‍ തന്റെ പിന്നിലെ സീറ്റിലിരുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് സൈറ പറയുന്നു. പുറകിലിരുന്നയാള്‍ ആദ്യം കഴുത്തില്‍ തൊട്ടുകൊണ്ടിരിക്കുയായിരുന്നുവെന്നും പിന്നീട് കാലു കൊണ്ട് ദേഹത്ത് തലോടാന്‍ തുടങ്ങുകയായിരുന്നുവെന്നും സൈറ പറയുന്നു. പതിനഞ്ചു മിനുറ്റോളം അയാള്‍ തന്റെ ദേഹത്ത് സ്പര്‍ശിച്ചു കൊണ്ടിരുന്നുവെന്നും താരം വീഡിയോയില്‍ വെളിപ്പെടുത്തി.

ഉറക്കത്തിലായിരുന്നതിനാല്‍ ആദ്യം കാര്യമാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. പിന്നീടാണ് കാലുകൊണ്ട് ശരീരത്തില്‍ തലോടാന്‍ തുടങ്ങിയത്. അപ്പോള്‍ അയാളുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതിനാല്‍ അതിന് സാധിച്ചില്ല. അക്രമിയുടെ കാലിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പകര്‍ത്താന്‍ സാധിച്ചതെന്നും താരം പറയുന്നു. കാലിന്റെ വീഡിയോ സൈറ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

“അവസാനം ഞാന്‍ പുറത്തിറങ്ങിയിരിക്കുന്നു. ഇങ്ങനെയല്ല പെണ്‍കുട്ടികളോട് നമ്മള്‍ പെരുമാറേണ്ടത്. വളരെ മോശമായിട്ടായിരുന്നു അയാള്‍ പെരുമാറിയത്. നമ്മള്‍ പെണ്‍കുട്ടികളെ നമ്മള്‍ തന്നെ സംരക്ഷിച്ചില്ലെങ്കില്‍ മറ്റാരും സഹായത്തിനെത്തില്ല.” വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൈറ പറയുന്നു.

അതേസമയം, സൈറയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ വിസ്താര അറിയിച്ചു. താരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും വിസ്താര പറഞ്ഞു.