കോഴിക്കോട്: ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ ‘പ്രതി പൂവന്‍കോഴി’ പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. ഇന്ത്യന്‍ വര്‍ത്തമാനകാല ജീവിതവും രാഷ്ട്രീയവും പ്രമേയമാകുന്ന നോവലിന്റെ കവര്‍ പേജ് ഒരുക്കിയിരിക്കുന്നത് സൈനുല്‍ ആബിദാണ്.
ഉണ്ണിയുടെ നോവല്‍ വായിച്ച് തീര്‍ന്നപ്പോള്‍ താന്‍ വ്യക്തിപരമായി അനുഭവിച്ച കുറേ പ്രശ്‌നങ്ങളുണ്ടെന്നും അതിലൊന്ന് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് രാഷ്ട്രീയ ശരികളെക്കുറിച്ചുള്ള സംശയങ്ങളും മറ്റൊന്ന് അരക്ഷിതാവസ്ഥയെ കുറിച്ചുമാണെന്നുമാണ് ആബിദ് പറയുന്നത്.
പുസ്തകത്തിന്റെ കവര്‍ പേജ് ഒരുക്കിയതിനെ കുറിച്ച് സൈനുല്‍ ആബിദിന്റെ വാക്കുകള്‍ ഇങ്ങനെ..
”ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി ഉണ്ണി ആര്‍ എഴുതിയ മിക്കവാറും പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്തത് ഞാന്‍ ആണ്. ഉണ്ണിയുടെ ആദ്യ നോവല്‍ ‘പ്രതി പൂവന്‍ കോഴി’ യും ഡിസൈന്‍ ചെയ്യാന്‍ ഡിസി ബുക്‌സ് സമീപിച്ചു.
ഉണ്ണിയുടെ നോവല്‍ വായിച്ച് തീര്‍ന്നപ്പോള്‍ ഞാന്‍ വ്യക്തിപരമായി അനുഭവിച്ച കുറേ പ്രശ്‌നങ്ങളുണ്ട്. അത് ഒരു പക്ഷേ, എന്റെ തലമുറയിലെ പലരും അനുഭവിച്ചേക്കാം. അതിലൊന്ന് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.
മറ്റൊന്ന് രാഷ്ട്രീയ ശരികളെക്കുറിച്ചുള്ള സംശയങ്ങള്‍ .മറ്റൊന്ന് അരക്ഷിതാവസ്ഥ.ഇതെല്ലാം ഒരു നോവലിസ്റ്റിന് പല പേജുകളിലായി എഴുതാം. ഒരു ഡിസൈനറിന് കിട്ടുന്നത് ഒരേ ഒരു പേജ് മാത്രമാണ്, അതിന്റെ കവര്‍ പേജ്.
അതില്‍ ഒരേ സമയം അയാള്‍ തന്റെ ആര്‍ട്ടിസ്റ്റിക് ബ്രില്യന്‍സ് കാണിക്കണം. അതേസമയം ആ കൃതിയോട് നീതി പുലര്‍ത്തുകയും വേണം. ഈ നോവല്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ എന്റെ വഴിയില്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് ഈ കവര്‍ ഇമേജ് രൂപപ്പെട്ടത്. അത് ഏറ്റവും മിനിമലായി വിനിമയം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.”- സൈനുല്‍ ആബിദ് പറയുന്നു.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെയും ജീവിതത്തെയും ആധുനികമായ നാടോടിക്കഥാ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് ‘പ്രതി പൂവന്‍ കോഴി’ എന്ന നോവലില്‍.
കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് നടക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ് നോവല്‍ തുടങ്ങുന്നത്. ഇന്ത്യയിലെ ഏത് നാട്ടിന്‍ പുറത്തും ഈ സംഭവം നടക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ നോവലിന് ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവമാണുള്ളത്. ലോക പുസ്തകദിനമായ ഏപ്രില്‍ 23നാണ് നോവല്‍ പുറത്തിറങ്ങുന്നത്.
‘ഈ നോവല്‍ പുറത്തിറങ്ങിയാലും കോഴികള്‍ കൂവും സൂര്യനുദിക്കും രാത്രിയും പകലുകളും വരും. മനുഷ്യര്‍ വഴക്കിടുകയും പ്രേമിക്കുകയും ചെയ്യും. ചിലര്‍ നിരാശയോടെ ജീവിക്കും; ചിലര്‍ പ്രതീക്ഷയോടെയും ‘ ഉണ്ണി ആര്‍ പറഞ്ഞു.
കാളിനാടകം, കഥകള്‍ ഉണ്ണി ആര്‍, ഒഴിവുദിവസത്തെ കളി, കോട്ടയം പതിനേഴ്, പുസ്തകപ്പുഴു, വാങ്ക്, എന്നിവയാണ് ഉണ്ണി ആറിന്റെ പ്രധാന ചെറുകഥാ സമാഹാരങ്ങള്‍.
കേരള കഫേ(ബ്രിഡ്ജ്), ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, അഞ്ച് സുന്ദരികള്‍(കുള്ളന്റെ ഭാര്യ), മുന്നറിയിപ്പ്, ചാര്‍ളി, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.