വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, സ്റ്റീവ് സ്മിത് എന്നിവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരാണ്. ഫാബ് ഫോര്‍ എന്നാണ് നാല് പേരും അറിയപ്പെടുന്നത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ മികച്ച ബൗളര്‍മാരുടെ ഫാബ് ഫോര്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. സഹീര്‍ മികച്ച 4-5 പേസ് ബൗളര്‍മാരെയാണ് ഫാബ് ഫോറിലേക്ക് തെരഞ്ഞെടുത്തത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കഗീസോ റബാദ, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ് എന്നിവരാണ് ഇതിഹാസ ക്രിക്കറ്ററെ വിസ്മയിപ്പിച്ച ബൗളര്‍മാര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ ദേശീയ ടീമിന്റെ വിജയത്തില്‍ ബുംറയും ഷമിയും പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം പരാമര്‍ശിച്ചു.
‘ഇന്ത്യ തുടര്‍ച്ചയായി രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ കളിച്ചു, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എന്റെ ഫാബ് ഫോറിന്റെ ഭാഗമാണ്. ഇവരെ കൂടാതെ, ഞാന്‍ കഗിസോ റബാദയെയും ജോഷ് ഹേസല്‍വുഡിനെയും തെരഞ്ഞെടുക്കും.
പാറ്റ് കമ്മിന്‍സും മികച്ചതാണ്. എന്നെ സബന്ധിച്ചിടത്തോളം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വാധീനം ചെലുത്തിയ നാലോ അഞ്ചോ ബൗളര്‍മാര്‍ ഇവരാണ്,’സഹീര്‍ ഖാന്‍ ക്രിക്ക്ബസിനോട് പറഞ്ഞു.
ബുമ്രയും ഷമിയും മൂന്ന് ഫോര്‍മാറ്റുകളിലായി മെന്‍ ഇന്‍ ബ്ലൂ ടീമിനായി മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ബുംറ ഇപ്പോള്‍ കളിക്കുന്നത്. മറുവശത്ത്, ഷമി കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്.
2024ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യയുടെ സാധ്യതകളില്‍ ഷമിയും ബുംറയും നിര്‍ണായകമാകും.
നിലവില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാണ്ടാം ടെസ്റ്റിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ് മഴ മൂലം ആദ്യ ദിനവും മത്സരം ഉപേക്ഷിച്ചിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.
Content Highlight: Zaheer Khan Selected Best Five Bowlers In Cricket