ഇനിയും വൈകിക്കരുത് അടുത്ത മത്സരത്തില്‍ അവനെ കളിപ്പിക്കണം, അദ്ദേഹത്തിന് ബൗളിങില്‍ എക്‌സ് ഫാക്റ്ററാകാന്‍ സാധിക്കും; ഇന്ത്യന്‍ യുവ ബൗളറെ പുകഴ്ത്തി സഹീര്‍ ഖാന്‍
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. യുവനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് മത്സരത്തിലും താളം കണ്ടെത്താനായില്ല. ആദ്യ മത്സരത്തിലിറങ്ങിയ ടീം തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇറങ്ങിയത്. എന്നാല്‍ പല താരങ്ങള്‍ക്കും പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം. യുവ പേസര്‍മാരായ ഉമ്രാന്‍ മാലിക്ക് അര്‍ഷ്ദീപ് സിങ്ങ് എന്നിവരെ ഇന്ത്യയുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും ഇരുവരേയും കളിപ്പിട്ടില്ല.
അടുത്ത മത്സരത്തില്‍ ഉമ്രാനെ ടീമില്‍ കളിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ഇതിഹാസമായ സഹീര്‍ ഖാന്‍ അഭിപ്രായം. എക്‌സ്ട്രാ പേസ് ബൗളിങ് ടീമിന് ഉപകാരപ്പെടുമെന്നാണ് സഹീറിന്റെ വാദം. ഉമ്രാന് ടീമിന്റെ എക്‌സ് ഫാക്റ്ററാകാന്‍ കഴിയുമെന്നാണ് സഹീര്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
‘എക്സ്ട്രാ പേസ് ടീമിന് ഉപയോഗപ്രദമാകും. ഐ.പി.എല്ലില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ് ഉമ്രാന്റെ കഴിവ്. ഒരു മത്സരത്തില്‍ ഉമ്രാന്‍ മില്ലറെ അറൗണ്ട് ദ വിക്കറ്റ് ഡെലിവറിയല്‍ എക്‌സ്ട്രാ പേസ് ബൗള്‍ ചെയ്ത് പുറത്താക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് മില്ലര്‍-ഉമ്രാന്‍ പോരാട്ടം ഒരു നല്ല മാച്ച്-അപ്പ് ആയിരിക്കാം,’ സഹീര്‍ പറഞ്ഞു.
‘ഹെന്റിച്ച് ക്ലാസന്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍, അയാള്‍ക്കെതിരെയും ആ അധിക പേസ് ലഭിച്ചാല്‍ അത് എക്‌സ്-ഫാക്റ്ററാണ്. അവന്‍ റണ്‍സ് വഴങ്ങിയേക്കാം പക്ഷേ ഇന്ത്യക്ക് അയാളുടെ ഫാസ്റ്റ് ബോളിങ് ആവശ്യമാണ്. വ്യത്യസ്തമായ പേസ് ബൗളിങ് ടീമില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തും. അതിനാല്‍, അടുത്ത മത്സരത്തില്‍ ഉമ്രാനെ ഇറക്കാന്‍ ശ്രമിക്കുക,’ സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് സഹീര്‍ തന്റെ അഭിപ്രായം പറഞ്ഞത്.
ഐ.പി.എല്‍ 2022ല്‍ സണ്‍റൈസേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തെ തേടി ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളിയെത്തിയത്. സീസണിലെ എമേര്‍ജിംഗ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ട താരം 22 വിക്കറ്റാണ് സ്വന്തമാക്കിയത്.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ മോശം പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.
രണ്ടാം മത്സരത്തില്‍ ബാറ്റിങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട്.