ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ നേടിയ മികച്ച വിജയമാണ് ഇന്ത്യക്ക് പരമ്പര നേടികൊടുത്തത്. ആദ്യ മത്സരം ഒരിന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയിച്ചത്.
രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മഴ വില്ലനായി മാറുകയായിരുന്നു. ഇതോടെ വിന്‍ഡീസ് സമനിലയോടെ രക്ഷപ്പെടുകയായിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍ എന്നിവരെല്ലം ഇന്ത്യക്കായി ബാറ്റിങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. ഇവരുടെയെല്ലാം പ്രകടനം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ഈ മൂന്ന് പേരുമല്ലെന്നും പ്ലെയര്‍ ഓഫ് ദി സീരീസായി മറ്റൊരാളെയാണ് താന്‍ തെരഞ്ഞെടുക്കുകയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍. ജിയോ സിനിമയുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനെയാണ് പരമ്പരയിലെ ഏറ്റവും കേമനായി സഹീര്‍ ചൂണ്ടിക്കാട്ടിയത്.
പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും അപകടം വിതച്ചത് അശ്വിനായിരുന്നു. ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടമടക്കം 15 വിക്കറ്റുകളാണ് നാല് ഇന്നിങ്സുകളില്‍ നിന്നും അദ്ദേഹം പിഴുതത്. കൂടാതെ ബാറ്റിങ്ങില്‍ ഒരു ഫിഫ്റ്റി നേടുകയും ചെയ്തു.
‘അശ്വിനെ സംബന്ധിച്ച് വളരെ ഗംഭീര പരമ്പര തന്നെയായിരുന്നു ഇത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍ എന്നിവരെല്ലാം റണ്‍സ് നേടിയിരുന്നു. പക്ഷെ ഇന്ത്യക്ക് പരമ്പരയില്‍ ഫലം നേടിത്തരാന്‍ സഹായിച്ചവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ അശ്വിനാണ്. എന്റെ മാന്‍ ഓഫ് ദി സീരീസ് അദ്ദേഹമാണ്,’ സഹീര്‍ വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ കടപുഴക്കിയ അദ്ദേഹം രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ അഞ്ച് വിക്കറ്റുകളെടുത്ത അശ്വിന്‍ രണ്ടാമിന്നിങ്സില്‍ പിഴുതത് ഏഴു വിക്കറ്റുകളായിരുന്നു. ഇന്ത്യയെ ഇന്നിങ്സ് ജയത്തിലേക്കു നയിച്ചതും അദ്ദേഹത്തിന്റെ മാരക സ്പെല്ല് തന്നെയായിരുന്നു.