| Saturday, 22nd October 2022, 5:57 pm

ബൗളിങ്ങിലുള്ള സ്ഥിരതയാണ് എന്നെ ആകർഷിച്ചത്, ലോകകപ്പ് നേടാൻ എന്തുകൊണ്ടും അവർ യോഗ്യരാണ്; പ്രവചിച്ച് സഹീർ ഖാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബര്‍ 23നാണ് ഇന്ത്യ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത്. അതോടെ ടി-20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.

ടി-20 ടൂര്‍ണമെന്റിനായുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതല്‍ പല രീതിയിലാണ് ഇന്ത്യ വിമര്‍ശിക്കപ്പെട്ടത്.

ബാറ്റിങ് നിരയിലേക്കും ബൗളിങ്ങിലേക്കും കളിക്കാരെ തെരഞ്ഞെടുത്തതില്‍ ഇന്ത്യക്ക് പിഴവ് പറ്റി എന്നാരോപിച്ചായിരുന്നു വിമര്‍ശനം.

അതിനിടെ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതു വലിയ രീതിയില്‍ ഇന്ത്യന്‍ ടീമിനെ അസ്വസ്ഥമാക്കി.

ഓസ്‌ട്രേലിയയില്‍ സന്നാഹ മത്സരങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും ഇന്ത്യ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ടി-20 ലോകകപ്പ് നേടാന്‍ ഇന്ത്യ അര്‍ഹരല്ലെന്നും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെടുമെന്നുമൊക്കെയാണ് പലരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ ടീം ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം സഹീര്‍ഖാന്‍. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമെന്നുമാണ് സഹീര്‍ ഖാന്‍ പറഞ്ഞത്.

ഇന്ത്യയാണ് ഇഷ്ട ടീമെന്നും ലോകകപ്പ് നേടാന്‍ എന്തുകൊണ്ടും കരുത്തരായ കളിക്കാരാണ് ടീമിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യന്‍ ടീമില്‍ നിന്ന് ചില താരങ്ങള്‍ക്ക് പരിക്ക് മൂലം മാറി നില്‍ക്കേണ്ടി വന്നത് ഖേദകരമാണ്. ബുംറക്ക് പരിക്കേറ്റത് സങ്കടകരമാണ്. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം ഇന്ത്യ ബൗളിങ്ങില്‍ കാണിക്കുന്ന സ്ഥിരതയില്‍ ഞാന്‍ വിശ്വസിക്കുന്നു.

തീര്‍ച്ചയായും ഫൈനലില്‍ എത്തുന്ന ഒരു ടീം ഇന്ത്യയാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫൈനലില്‍ മറുവശത്ത് ഇംഗ്ലണ്ട് ആകുമെന്നാണ് കരുതുന്നത്,’ സഹീര്‍ പറഞ്ഞു.

അതേസമയം 23ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിന് മഴ വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ് മത്സരം.

മികച്ച നിരയാണ് ഇന്ത്യയുടേത്. രോഹിത് ശര്‍മ നായകനായി ഇറങ്ങുന്ന ടീമില്‍ വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് എന്നിവര്‍ ബാറ്റിങ്ങിന് കരുത്ത് പകരും. ഹര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലുമാണ് ഓള്‍റൗണ്ടര്‍മാര്‍.

മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അശ്വനിന്‍ എന്നിവര്‍ ബൗളിങ്ങിന് നേത്യത്വം നല്‍കും.

ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ് ദീപ് സിങ്, മുഹമ്മദ് ഷമി

Content Highlights: Zaheer khan predicts the winning team in  T20 world cup

We use cookies to give you the best possible experience. Learn more