ലോകകപ്പിലെ ടോപ്പ് സ്‌കോറർ അവനായിരിക്കും; പ്രവചിച്ച് സഹീർ ഖാൻ
ആവേശകരമായ ഐ.സി.സി ഏകദിന ലോകകപ്പ് അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്.
ലോകകപ്പിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഈ മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആരാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ.
ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ആണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുക എന്നാണ് സഹീർ പറഞ്ഞത്. ‘ഗില്ലിന്റെ ഈ വർഷത്തെ പ്രകടങ്ങൾ നോക്കിയാൽ 2023 എന്നത് അവന് ഒരു അത്ഭുതകരമായ കലണ്ടർ ഇയർ ആണ്. വളരെ സ്ഥിരതയുള്ള താരമാണ് അവൻ. അവൻ ഏകദിനത്തിൽ സെഞ്ച്വറികളും ഡബിൾ സെഞ്ച്വറികളും നേടി മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതിനാൽ ഈ ടൂർണമെന്റ് അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടി ടോപ് സ്‌കോറർ ആവുക അവനായിരിക്കും,’ ഇന്ത്യ ടുഡേയോട് സഹീർ ഖാൻ പറഞ്ഞു.
സമീപകാലങ്ങളിൽ ഇന്ത്യക്കായി മികച്ച ഫോമിലാണ് ഗിൽ കളിക്കുന്നത്. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടവും ഗിൽ സ്വന്തമാക്കിയിരുന്നു. 72.35 ശരാശരിയിലും, 105.03 സ്ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് ചെയ്യുന്നത്.
ഈ ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് ഗിൽ. എന്നാൽ ഗില്ലിന് പനി ബാധിച്ചതിനാൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ താരം കളിക്കില്ല.
പകരം രോഹിതിനൊപ്പം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യും.
Content Highlight: Zaheer khan predicts the top scorer of the worldcup.