| Thursday, 3rd October 2013, 11:18 am

സക്കറിയയുടെ ഗര്‍ഭപുരാണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അതുകൊണ്ടുതന്നെ ബ്‌ളെസിയെയും ശ്വേതാ മേനോനെയും നാല് വട്ടം ഈ സിനിമ കാണിച്ചുകൊടുക്കണം. ഗര്‍ഭം എന്ന പ്രതിഭാസവും പ്രസവം എന്ന പ്രക്രിയയും ശാരീരിക സാമൂഹിക തലങ്ങള്‍വിട്ട് വെറും വിവാദവും കച്ചവടവുമാക്കി അങ്ങാടി കൊഴുപ്പിച്ച അക്ഷന്തവ്യമായ അപരാധമാണല്ലോ ഇരുകൂട്ടരും അടുത്തിടെ പുറത്തിട്ടത്.


മാറ്റിനി / കെ.കെ രാഗിണി

സിനിമ: സക്കറിയയുടെ ഗര്‍ഭിണികള്‍
സംവിധാനം: അനീഷ് അന്‍വര്‍
നിര്‍മാണം:സാന്ദ്ര തോമസ്, തോമസ് ജോസഫ്, പട്ടത്താനം
രചന:അനീഷ് അന്‍വര്‍, നിസാം റാവുത്തര്‍
അഭിനേതാക്കള്‍:ലാല്‍,റിമ കല്ലിങ്കല്‍,
സനുഷ,ഗീത, ആശ ശരത്ത്,
സാന്ദ്ര തോമസ്, അഞ്ചു വര്‍ഗീസ്
സംഗീതം: വിഷ്ണു ശരത്ത്
പശ്ചാത്തല സംഗീതം:പ്രശാന്ത് പിള്ള
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍
എഡിറ്റിംഗ്: രഞ്ചിത്ത് ടച്ച് റിവര്‍
സ്റ്റുഡിയോ:ഫ്രൈഡേ സിനിമ ഹൗസ്
വിതരണം: ഫ്രൈഡേ ടിക്കറ്റ്
റിലീസ് ഡേറ്റ്: സപ്തംബര്‍ 27, 2013

വിവാദങ്ങളുടെ കോലാഹങ്ങളോ ആര്‍ക്ക് ലൈറ്റുകള്‍ വിതറുന്ന വെള്ളിവെളിച്ചത്തിന്റെയോ അകമ്പടിയില്ലാതെ പ്രസവിച്ചതുകൊണ്ടായിരിക്കണം സക്കറിയയുടെ ഗര്‍ഭിണികളെ കാണാന്‍ വല്ലാത്ത തിരക്ക് അനുഭവപ്പെടാതിരുന്നത്.

മലയാള സിനിമക്കിത് ഗര്‍ഭകാലമാണെന്നു തോന്നുന്നു. ഉള്ളില്‍ ജീവന്‍ പേറി വീര്‍ത്തുന്തി നില്‍ക്കുന്ന വയറുകള്‍ മുമ്പെങ്ങും വെള്ളിത്തിരയില്‍ ഇത്രയും നിറഞ്ഞ കാഴ്ചയായിരുന്നില്ല.

മോശം പറയരുതല്ലോ ശ്വേതാ മേനോന്റെ “ലൈവ്” ഗര്‍ഭത്തിന്റെ പേരില്‍ സംവിധായക ശിങ്കം സാക്ഷാല്‍ ശ്രീമാന്‍ ബ്‌ളെസി ചേട്ടന്‍ കാട്ടിക്കൂട്ടിയ കോപ്രാണ്ടിത്തരങ്ങള്‍ ഒന്നുമില്ലാതെ ഒരു മിടുക്കന്‍ സിനിമ അവതരിപ്പിക്കാന്‍ അനീഷ് അന്‍വര്‍ എന്ന താരതമ്യേന പുതുക്കക്കാരനായ സംവിധായകന് കഴിഞ്ഞിരിക്കുന്നു “സക്കറിയയുടെ ഗര്‍ഭിണികള്‍” എന്ന ചിത്രത്തിലൂടെ.

അതുകൊണ്ടുതന്നെ ബ്‌ളെസിയെയും ശ്വേതാ മേനോനെയും നാല് വട്ടം ഈ സിനിമ കാണിച്ചുകൊടുക്കണം. ഗര്‍ഭം എന്ന പ്രതിഭാസവും പ്രസവം എന്ന പ്രക്രിയയും ശാരീരിക സാമൂഹിക തലങ്ങള്‍വിട്ട് വെറും വിവാദവും കച്ചവടവുമാക്കി അങ്ങാടി കൊഴുപ്പിച്ച അക്ഷന്തവ്യമായ അപരാധമാണല്ലോ ഇരുകൂട്ടരും അടുത്തിടെ പുറത്തിട്ടത്.

കൊച്ചിന് വയസ്സ് ഒന്നാകാന്‍ പോകുന്നു; ശ്വേതാ മേനോന്‍ ആകട്ടെ ഇപ്പോഴും അതേ ഗര്‍ഭത്തിന്റെ ഉന്തിയ വയറില്‍ കൈവെച്ചാണ് നില്‍പ്പ്. കളിമണ്ണ് എന്ന തൊട്ടിപ്പടം സ്ത്രീത്വം സംരക്ഷിക്കുന്നതാണെന്ന് കണ്ടത്തെിക്കളഞ്ഞ പ്രിയപ്പെട്ട സാറാ ജോസഫ് ടീച്ചര്‍ ഈ സിനിമ ഒന്നു കാണണമെന്ന് ശിപാര്‍ശ ചെയ്യുന്നു.

കൂട്ടത്തില്‍  Kim Nguyen സംവിധാനം ചെയ്ത War Witch എന്ന ആഫ്രിക്കന്‍ സിനിമകൂടി കാണുക. ഒരു കോലാഹലവുമില്ലായെ ലൈവ് ആയി അതില്‍ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. എത്ര തീവ്രമാണ് ആ കാഴ്ച.

മലയാളി ജീവിതത്തിന്റെ പല കവലകളില്‍ ഉന്തിയ വയറുമായി നില്‍ക്കുന്ന നാല് ഗര്‍ഭിണികളുടെ കഥയാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. നായകന്റെയും നായികയുടെയും പ്രണയത്തിന് കോറസ് പാടുന്നതിനിടയില്‍ അരികുകളില്‍ മൂക്കുംകുത്തി വീണ് പോയ ജീവിതങ്ങളുടെ ആകത്തെുകയാണ് മലയാള സിനിമ ഒട്ടു മുക്കാലും.

ഒരു യാത്രയില്‍ കണ്ടുമറഞ്ഞ മുഖംപോലും ജീവിതാനുഭവത്തിന്റെ വന്‍കരയാണെന്ന് തിരിച്ചറിയാത്ത ആ തലമുറ സിനിമക്കാരില്‍നിന്ന് മലയാള സിനിമ മെല്ലെ മെല്ലെ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഈ സിനിമയും ഇറങ്ങുന്നത്.

ഒരേ ചാലില്‍ ഉഴുതുകൊണ്ടിരിക്കുന്ന കാളകളുടെ കാലം കഴിഞ്ഞിരിക്കുന്നു. പല കോണുകളില്‍നിന്ന് ജീവിതം പൂരിപ്പിക്കുന്ന ആഖ്യാന ശൈലി മലയാളത്തില്‍ ഇപ്പോള്‍ സജീവമാണ്.

അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിതുവെന്ന മെക്‌സിക്കന്‍ സംവിധായകന്‍ തന്റെ സിനിമയില്‍ വിജയകരമായി പരീക്ഷിച്ച മള്‍ട്ടി ലീനിയര്‍ ആഖ്യാനമാണ് സക്കറിയയുടെ ഗര്‍ഭിണികളിലും കാണുന്നത്.

ടി.വി. ചന്ദ്രന്റെ “ഡാനി” (മമ്മൂട്ടി പൊന്തന്‍ മാടയിലെക്കാള്‍ മികച്ച അഭിനയം കാഴ്ചവെച്ചത് ഈ ചിത്രത്തിലാണെന്ന് ഈയുള്ളവള്‍ വിശ്വസിക്കുന്നു), കഥാവശേഷന്‍ എന്നീ ചിത്രങ്ങളില്‍ മള്‍ട്ടി ലീനിയര്‍ സ്വഭാവം കാണാമെങ്കിലും അതെല്ലാം നായക കഥാപാത്രത്തിന്റെ കഥാശരീരത്തെ പുഷ്ടിപ്പെടുത്താനുള്ള ആയാസങ്ങളായിരുന്നു.

മണിരത്‌നത്തിന്റെ “ആയുധമെഴുത്തില്‍” മള്‍ട്ടി ലീനിയര്‍ രീതി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “ട്രാഫിക്” സിനിമയുടെ വിജയ ഫോര്‍മുലയും ഇതായിരുന്നവല്ലോ.

കഴിഞ്ഞ 25 വര്‍ഷമായി ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ പൂര്‍ണ വിജയമായ ഡോ. സക്കറിയയെ (ലാല്‍) അലട്ടുന്ന നാല് ഗര്‍ഭങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആയിരക്കണക്കിന് ഗര്‍ഭങ്ങള്‍ക്ക് കാവല്‍ക്കാരനായിട്ടുണ്ട് സക്കറിയ.

എത്രയെത്ര കുഞ്ഞുങ്ങള്‍ അയാളുടെ കൈയിലൂടെ ലോകത്തിന്റെ തിരുവെട്ടം കണ്ടിരിക്കുന്നു.സക്കറിയയുടെ സ്വന്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ഗര്‍ഭം ഒരു ആശങ്കയല്ല. ആശ്വാസമാണ്.

പക്ഷേ, ആര്‍ക്കും മനസ്സിലാവാത്ത കടങ്കഥ പോലെയാണ് സക്കറിയാ ഡോക്ടറുടെ ജീവിതം. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ആദ്യ രോദനം പതിഞ്ഞ ആ ചെവികള്‍ക്ക് സ്വന്തം കുഞ്ഞിന്റെ ചെല്ലക്കരച്ചില്‍ കേള്‍ക്കാനുള്ള ഭാഗ്യമില്ല. അയാളും ഭാര്യ സൂസന്‍ മേരിയും (ആശാ ശരത്ത്) അനപത്യതാ ദു:ഖം പേറുന്നു.

മലബാറിലെ ഏതോ മലയോര ഗ്രാമത്തിലെ ആശുപത്രിയില്‍ ഡോ. സക്കറിയയുടെ വിധി പേറുന്ന ഒരു ഡോക്ടറെ കുറിച്ച് എവിടെയോ വായിച്ചതോര്‍ക്കുന്നു.

ഗര്‍ഭിണികള്‍ ഡോക്ടറുടെ “വീക്ക്‌നെസ്സ്” ആണെന്ന് ആശുപത്രിയിലെ ജീവനക്കാരനായ അജ്മല്‍ എന്ന അജു (അജു വര്‍ഗീസ്) പറയാറുണ്ട്. സക്കറിയയുടെ ആശുപത്രിക്ക് രണ്ട് പോളിസികളാണുള്ളത്.
നോ സിസേറിയന്‍. നോ അബോര്‍ഷന്‍.
കഴിയുന്നതും അത് പരിപാലിച്ചുപോന്നിട്ടുമുണ്ട്…
ഒരു കൈപ്പിഴ പോലും ഇന്നേവരെ ഡോക്ടര്‍ക്ക് വന്നിട്ടില്ല. എന്നിട്ടും അയാളുടെ ഉറക്കം കെടുത്തുകയാണ് നാല് ഗര്‍ഭിണികള്‍.

ദിവ്യഗര്‍ഭം

 52ാം വയസ്സില്‍ തിരുവസ്ത്രം ഉപേക്ഷിച്ച് അമ്മയാകാന്‍ തീരുമാനിച്ച സിസ്റ്റര്‍ ജാസ്മിന്‍ ജെനിഫറിന്റെതാണ് (ഗീത)അതില്‍ ആദ്യ ഗര്‍ഭം. കൃത്രിമ ബീജസങ്കലനം വഴിയാണ് സിസ്റ്റര്‍ അമ്മയാകുന്നത്. ജീവിതത്തിന്റെ പൂര്‍ണതയ്ക്ക് മാതൃത്വം കൂടിയേ തീരൂ എന്ന ബോധമാണ് അവരെ അമ്മയാകാന്‍ പ്രേരിപ്പിക്കുന്നത്.

സത്യത്തില്‍ ബ്‌ളെസി ഘോരഘോരം പ്രമാണിച്ചുകൊണ്ടിരുന്ന “മാതൃത്വത്തിന്റെ മഹത്വം” സിസ്റ്റര്‍ ജെനിഫറിലൂടെയല്ലേ വെളിവാകുന്നതെന്ന് തോന്നിപ്പോകുന്നു.

തിരുവസ്ത്രം വെടിഞ്ഞ് മാതൃത്വം സ്വീകരിക്കുന്നതിലൂടെ വിപ്‌ളവം സൃഷ്ടിക്കുന്ന സിസ്റ്റര്‍ ഇതിനകം വാര്‍ത്തയായി കഴിഞ്ഞു. തിരുവസ്ത്രമാണ് അതിനും കാരണം. കന്യാമറിയം പ്രസവിച്ചില്ലേ പിന്നെന്താ സിസ്റ്റര്‍ക്കായാല്‍ എന്ന പരാമര്‍ശം ഈ ഗര്‍ഭത്തെ ദിവ്യതലത്തിലേക്കും ഉയര്‍ത്തുന്നുണ്ട്.

സക്കറിയയെ അലട്ടുന്നത് സിസ്റ്ററിന്റെ പ്രായമാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥ. അതറിയാവുന്നതുകൊണ്ട് സിസ്റ്റര്‍ ഡോക്ടറോട് ഒരേയൊരു ഡിമാന്‍േറ വെക്കുന്നുള്ളു. കിട്ടുകയാണെങ്കില്‍ രണ്ടാളും ഒന്നിച്ച്, മറിച്ചായാലും ഒന്നിച്ചു മതി.

താന്‍ പ്രസവിച്ച കുഞ്ഞിന് അവരിട്ട പേര് സാമുവല്‍ എന്നായിരുന്നു. ദൈവത്തോട് ചോദിച്ചു വാങ്ങിയവന്‍.

കാറോട്ടക്കാരനായ ഭര്‍ത്താവ് (ജോയ് മാത്യു) അപകടത്തില്‍പെട്ട് മരണാസന്നനായി കിടക്കുമ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്തില്‍ നിന്ന് കിട്ടിയ അവിഹിത ഗര്‍ഭവുമായത്തെിയ അനുരാധ (സാന്ദ്ര തോമസ്) ആണ് ഡോക്ടറുടെ രണ്ടാമത്തെ തലവേദന.

അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍ കൂട്ടു നില്‍ക്കില്ല. മാത്രവുമല്ല, അതിനുള്ള സമയം കഴിഞ്ഞും പോയിരിക്കുന്നു. ഇനി ഒരേയൊരു പോംവഴി പ്രസവം മാത്രമാണ്.

പക്ഷേ, ഭര്‍ത്താവ് അദ്ഭുതങ്ങള്‍ സംഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍…?

അതാണ് അനുരാധയുടെ പ്രശ്‌നം. അതുകൊണ്ടവള്‍ ഭര്‍ത്താവിന്റെ മരണത്തിന് കൊതിക്കുന്നു. എന്നിട്ട്, അയാളുടെ അളവറ്റ സമ്പത്തുമായി ജാരനൊപ്പം കഴിയാമെന്ന് ആശിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിനും ജാരന്റെ ഗര്‍ഭത്തിനുമിടയിലെ അനുരാധയുടെ പ്രതിസന്ധി സക്കറിയയുടെ പ്രതിസന്ധിയായി മാറുകയാണ്.

അപകടനില തരണം ചെയ്ത് ഭര്‍ത്താവ് രക്ഷപ്പെടുമ്പോള്‍ അത് മൂര്‍ച്ഛിക്കുകയാണ്. മാത്രമല്ല, അവളുടെ വയറ്റില്‍ വളരുന്നത് ഇരട്ട കുട്ടികള്‍.

അജ്ഞാതഗര്‍ഭം

ഡോക്ടറെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം വീടിന്റെ വാതിലില്‍ സ്‌കൂള്‍ യൂണിഫോമില്‍ വന്ന് മുട്ടിയ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി സൈറ (സനുഷ)യുടെ ഗര്‍ഭമാണ് അയാളുടെ ഏറ്റവും വലിയ പ്രശ്‌നം.

ആ ഗര്‍ഭം അലസിപ്പിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമില്ല. ആരുമറിയാതെ പ്രസവിക്കണം. അതിനുശേഷം മക്കളില്ലാത്ത ആര്‍ക്കെങ്കിലും ആ കുഞ്ഞിനെ നല്‍കണം. അതിന് വേണ്ട സഹായം ഡോക്ടര്‍ ചെയ്തുകൊടുക്കണം.

പക്ഷേ, ഒരിക്കലും ആരില്‍നിന്നാണ് ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെന്ന് ചോദിക്കരുത്.
അച്ഛനും അമ്മയും ചോദിച്ചിട്ടുപോലും അവള്‍ അത്പറയാന്‍ തയാറല്ല. പ്രസവിക്കണമെന്നത് അവളുടെ വാശിയാണ്.
പ്രേക്ഷകന്റെ പ്രതീക്ഷ തെറ്റിക്കാതെ സൈറയെ ഡോക്ടര്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നു.

വ്യാജഗര്‍ഭം

ഗര്‍ഭിണികളോട് ഡോക്ടര്‍ സക്കറിയയ്ക്കുള്ള സോഫ്റ്റ് കോര്‍ണര്‍ മുതലാക്കി അദ്ദേഹത്തിന്റെ ആശുപത്രിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഫാത്തിമയുടെ (റീമ കല്ലിങ്കല്‍)ഗര്‍ഭമാണ് അടുത്തത്. ഒരു നിമിഷത്തില്‍ അറിയാതെ പറഞ്ഞുപോയ നുണയാണ് താന്‍ ഗര്‍ഭിണിയാണ് എന്നത്.

കാസര്‍കോട് നിന്ന് എറണാകുളത്ത് വന്ന് താമസിക്കുന്ന ഫാത്തിമയ്ക്ക് ആ വ്യാജ ഗര്‍ഭം ഒരു രക്ഷാമാര്‍ഗമായി മാറുകയാണ്. കഠിനമായ ജോലികളില്‍നിന്നും നൈറ്റ് ഷിഫ്റ്റില്‍നിന്നും അതവളെ രക്ഷിക്കുന്നു. തനിക്ക് ഗര്‍ഭമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വയറ്റില്‍ തലയണ വെച്ചാണ് അവള്‍ നടക്കുന്നത്.

ഭര്‍ത്താവ് ദുബായിലാണെന്നും ഉപേക്ഷിച്ചുപോയെന്നും അവള്‍ തരംപോലെ കളവ് പറയുന്നുണ്ട്. എന്നാല്‍, ആ ഗര്‍ഭമടക്കം അവളെ സ്വീകരിക്കാന്‍ തയാറാണ് ആശുപത്രിയിലെ ജീവനക്കാരനായ അജു.

അനൂപ് മേനോന്റെ വളിപ്പുകളെയും തെറിവിളികളെയും ന്യൂ ജനറേഷന്‍ സിനിമയായി കൊണ്ടാടുന്ന സമീപകാലത്തെ സിനിമകളില്‍ ശക്തമായ ഒരു ഇതിവൃത്തമാണ് ഈ സിനിമയുടേത്. നല്ലൊരു തിരക്കഥാ കൃത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ എത്രയോ മികച്ചതാക്കാമായിരുന്നു ഈ സിനിമയെ.

സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ നിര്‍വഹിച്ച തിരക്കഥയില്‍ രഞ്ജിത്തിലൂടെ അനൂപ്‌മേനോനിലും ശങ്കര്‍ രാമകൃഷ്ണനിലും പകര്‍ച്ചപ്പനിയായി തുടരുന്ന ഡയലോഗിലെ നാടകീയത പല രംഗത്തും അരോചകമാക്കുന്നുണ്ട്.

വെട്ടിയൊതുക്കി പണിക്കുറ തീര്‍ത്ത ഒരു തിരക്കഥയുടെ കുറവ് ചെറുതല്ലാത്ത പോരായ്മയായി മുഴച്ചുനില്‍ക്കുമ്പോഴും ഈ സിനിമ ഒരു നല്ല സിനിമയ്ക്കുള്ള ശ്രമമാണെന്ന് തീര്‍ത്തുപറയാം.

സിസ്റ്റര്‍ ജെനിഫറിനെ പ്രസവിപ്പിച്ച് വിപ്‌ളവം തീര്‍ത്ത കഥാകൃത്ത് അവരുടെ കുഞ്ഞിനെ അകാലത്തില്‍ കൊന്ന് ദൈവകോപം എന്ന പ്രതീതി ജനിപ്പിക്കുന്ന പിന്തിരിപ്പത്തരവും കാണിക്കുന്നുണ്ട്.

എന്നാല്‍, എല്ലാ കുറവുകളും പോരായ്മകളും പൊറുത്തു കൊടുക്കുന്ന വിധത്തില്‍ സിനിമയുടെ കൈ്‌ളമാക്‌സില്‍ പത്മരാജന്റെ “മൂവന്തി” എന്ന കഥയിലേക്ക് ചിത്രത്തെ ചേര്‍ത്തുവെയ്ക്കുന്ന സാമര്‍ത്ഥ്യം സമീപകാലത്തെ മികച്ച പരീക്ഷണമാണ് എന്ന് സമ്മതിക്കാതെ വയ്യ.

പ്രേക്ഷകനെ ഞെട്ടിച്ചിരുത്തുന്ന ഈ കൈ്‌ളമാക്‌സാണ് സിനിമയുടെ കരുത്ത്. കേരളീയ പെണ്‍ജീവിതങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണമായ അവസ്ഥയെ സത്യസന്ധമായി സമീപിക്കുന്നു കൈ്‌ളമാക്‌സില്‍ ഈ സിനിമ.

നല്ല ഹേം വര്‍ക്കും മികച്ച കണ്‍സള്‍ട്ടിംഗും ഉണ്ടായിരുന്നെങ്കില്‍ ഞെട്ടിക്കുന്ന ഒരു സിനിമ തന്നെയായി ഇതും മാറുമായിരുന്നു. കൈവിട്ട കളി അവസാന ഓവറില്‍ തിരിച്ചു പിടിക്കുന്ന ധോണി മാജിക് അനീഷ് അന്‍വര്‍ ഇവിടെ കാഴ്ചവെയ്ക്കുന്നുണ്ട്. വെറുമൊരു അഡോളസെന്റ് ലോലിതയായി സക്കറിയ കണ്ട സൈറയുടെ രൂപാന്തരീകരണം മലയാളിയുടെ വേദനയും നടുക്കവുമായി മാറുന്നു.

ഇന്ദ്രജിത്തിന്റെ വോയിസ് ഓവറിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തിരക്കഥാകൃത്തിനെ പലയിടത്തും രക്ഷിക്കുന്നത്  ഇന്ദ്രജിത്തിന്റെ ഈ അശരീരിയാണ്.

എന്തായാലും അനില്‍ രാധാകൃഷ്ണ മേനോനെയും (നോര്‍ത്ത് 24 കാതം), ലിജിന്‍ ജോസിനെയും (ഫ്രൈഡേ) പോലെ മലയാളത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാളായി അനീഷ് അന്‍വറും മാറിക്കഴിഞ്ഞു. “മുല്ലമൊട്ടും മുന്തിരിച്ചാറും” എന്ന ആദ്യ ചിത്രത്തിന്‌ശേഷം അനീഷ് അന്‍വര്‍ വളര്‍ന്നിരിക്കുന്നു.

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ…”” (സീത) എന്നതാണ് താരാട്ട് പാട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഓടിയത്തെുന്ന ആദ്യ ഗാനം. ആ അഭയദേവ്/ദക്ഷിണാമൂര്‍ത്തി കാലത്തില്‍ നിന്നും താരാട്ടിന്റെ ശീലുകള്‍ ബാന്റ് സംഗീതത്തിലേക്ക് ഇവിടെ ചുവടു മാറിയിരിക്കുന്നു. അതിമനോഹരമായാണ് “വെയില്‍ ചില്ല…” എന്ന് തുടങ്ങുന്ന വിഷ്ണു ശരത് സംഗീതം നല്‍കിയ ഗാനരംഗത്തിന്റെ ചിത്രീകരണം.

ചിത്രത്തിനൊപ്പം കാഴ്ചക്കാരനെ കൂട്ടുന്നതാണ് പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം.

അഭിനയ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങള്‍

ഈ സിനിമയിലെ അഭിനയത്തില്‍ ആരെങ്കിലും വിസ്മയിപ്പിച്ചെങ്കില്‍ അത് ജോയി മാത്യുവാണ്. അപകടത്തില്‍ പെട്ട കാറോട്ടക്കാരന്റെ ചെറിയ വേഷത്തില്‍ ജോയി മാത്യു മിന്നി.

പതിവ് പോലെ ലാല്‍ തന്റെ റോള്‍ ഭംഗിയാക്കി. കോബ്ര പോലുള്ള മഹാമാരികളുമായി ഇനി മേലില്‍ ഇറങ്ങാതെ ഇത്തരം വേഷങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടു പോകുന്നതായിരിക്കും ലാലിനും മലയാളികള്‍ക്കും നല്ലത്.

കുങ്കുമപ്പൂവ് എന്ന സീരിയലിലെ അമ്മ വേഷത്തില്‍നിന്ന് ഇനിയും ആശാശരത്തിന് മോചനമില്ല. ആ പ്രേതബാധ അവരെ വിട്ടൊഴിയില്‌ളെന്ന് “ഫ്രൈഡേ”യില്‍ അവര്‍ തെളിയിച്ചതുമാണ്.

അനുരാധയായി അഭിനയിക്കുന്നത് നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസ് തന്നെയാണ്. കാശ് മുടക്കി കരയ്ക്കിരുന്നാല്‍ പോരേ ചേച്ചീ… എന്ന് ചോദിപ്പിച്ച് പോകുന്നത്ര “കേമം” അഭിനയമാണ് ഇവരുടേത്.

ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കേണ്ടിവന്നത് റീമാ കല്ലിങ്കലിനാണ്. കാസര്‍കോടന്‍ വാമൊഴി വഴക്കം റീമാ കല്ലിങ്കലിനെ ചില്ലറയൊന്നുമല്ല എടങ്ങേറാക്കിക്കളഞ്ഞത്. പാലേരി മാണിക്യത്തില്‍ സിദ്ദീഖും കിളിച്ചുണ്ടന്‍മാമ്പഴത്തില്‍ മോഹന്‍ ലാലുമാണ് ഇക്കാര്യത്തില്‍ റീമയുടെ പൂര്‍വികര്‍.

തിരിച്ചുവരവില്‍ കിട്ടിയ മികച്ച വേഷമായി ഗീതയുടെ സിസ്റ്റര്‍ ജെനിഫര്‍. പക്ഷേ, അതിഭാവുകത്വം നിറഞ്ഞ സംഭാഷണങ്ങള്‍ പലയിടത്തും അതിന്റെ ഭംഗി കെടുത്തി.

സൈറയായി വേഷമിട്ട സനൂഷ മിസ്റ്റര്‍ മരുമകനിലെ നായികയില്‍നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പ്രായത്തിന് തക്ക വേഷങ്ങള്‍ തെരഞ്ഞെടുത്താല്‍ മറ്റൊരു കാവ്യാ മാധവന്‍ ദുരന്തം ഒഴിവാക്കാം.

അജു വര്‍ഗീസ് സീരിയസായി (നന്നായി) വരുന്നുണ്ട്.

പ്രേംനസീര്‍ എന്ന അച്ഛന്റെ മകനായിട്ടും ഷാനവാസ് സിനിമയില്‍ ക്‌ളച്ച് പിടിക്കാതെ പോയതെന്തുകൊണ്ട് എന്ന് സൈറയുടെ പിതാവിന്റെ വേഷത്തിലൂടെ അദ്ദേഹം വീണ്ടും സമ്മതിക്കുന്നു.

കട്ട്… കട്ട്… കട്ട്..

[]അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നത് “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..” എന്ന സിനിമയിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച ഗോപി എന്ന കഥാപാത്രത്തെയാണ്..
ഗോപിയേട്ടനെ രാമാനുജം (ജയറാം) പരിചയപ്പെടുത്തുന്നത് ഓര്‍മയില്ലേ…?

നാഷനല്‍ ഹൈവേക്കരികിലെ സെന്റിന് 10 ലക്ഷം രൂപ വരുന്ന സ്ഥലത്ത് ഗോപിയേട്ടനെ താമസിപ്പിച്ചാല്‍ മതി സ്ഥലത്തിന്റെ വില പതിനായിരത്തില്‍ വന്ന് നില്‍ക്കും എന്ന്.
ഏതാണ്ട് അതുപോലെയാണ് നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാര്യം. അങ്ങേര് അമേരിക്കയില്‍ ഒന്ന് കാലുകുത്തിയതേയുള്ളു ദാ, അമേരിക്ക പണ്ടാരടങ്ങി…

ഈയുള്ളവള്‍ സിനിമകളെ വിമര്‍ശിക്കുമ്പോള്‍, എന്നാല്‍ നിങ്ങള്‍ക്ക് എല്ലാം തികഞ്ഞ ഒരു സിനിമ എടുത്തുകൂടേ എന്ന് ചോദിക്കുകയും ചില ഫാന്‍സുകള്‍ മെയിലില്‍ തെറി വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്…

അവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ…

കാശ് കൊടുത്ത് ഹോട്ടലില്‍ കയറി കഴിച്ചത് മോശം ഭക്ഷണമാണെങ്കില്‍ അത് മാനേജറോട് പറയുമ്പോള്‍ “”എന്നാല്‍, നിങ്ങള്‍ പോയി എല്ലാം തികഞ്ഞ ഒരു ഊണ് ഉണ്ടാക്ക്”” എന്ന മറുപടിയില്‍ നിങ്ങള്‍ തൃപ്തരാകുമോ…?


കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം

വൃത്തിരാക്ഷസന്റെ വടക്കുനോക്കി യാത്ര
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട

ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍

ഡി. കമ്പനി ഓഫര്‍; ഒന്നെടുത്താല്‍ രണ്ട് ഫ്രീ (ഓണക്കാലത്ത് മാത്രം)


ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com

Latest Stories

We use cookies to give you the best possible experience. Learn more