| Tuesday, 25th February 2014, 11:06 am

രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള സക്കറിയയുടെ പ്രസംഗം വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോഴിക്കോട്: രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും ബഹുമാനിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രമുഖ കഥാകൃത്തും എഴുത്തുകാരനുമായ സക്കറിയയുടെ പ്രസംഗം സൈബര്‍ ലോകത്ത് വൈറലാകുന്നു.

ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്ന അന്ന് മുതല്‍ തിരഞ്ഞെടുത്ത ജനം കീഴാളനും തിരഞ്ഞെടുക്കപ്പെട്ടവന്‍ മേലാളനുമാകുന്നുവെന്നാണ് സക്കറിയ തന്റെ പ്രസംഗത്തിലൂടെ ശക്തമായി ഉന്നയിക്കുന്നത്.

രണ്ട് മിനുട്ടും 26 സെക്കന്റുമുള്ള ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതിനകം ആയിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലെ പുഴുകുത്തുകളായി മാറിയ നേതാക്കന്‍മാരോടുള്ള അമിത വിധേയത്വത്തെ ചോദ്യം ചെയ്യുന്നതിനെ സൈബര്‍ സ്‌പേസിലെ യുവജനങ്ങളും കാര്യമായി സ്വീകരിക്കുന്നുണ്ട്.

ഈ വീഡിയോ ക്ലിപ് ഷെയറിങ് സൈറ്റായ വാട്ട്‌സ് അപ് വഴിയും വ്യാപകമായി പ്രചരിക്കപ്പെടുന്നു. നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് സക്കറിയയുടെ പ്രസംഗവും ഒരു രാഷ്ട്രീയ ഇടപെടലായി മാറിയിരിക്കുന്നു. എന്നാല്‍ സക്കറിയയുടെ പ്രസംഗത്തിന്റെ വേദിയെവിടെയാണെന്നോ എന്നാണ് പ്രസംഗിച്ചതെന്നോ ക്ലിപ്പില്‍ നിന്നും വ്യക്തമല്ല.

സക്കറിയയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

നാം ജനപ്രതിനിധിയെ എന്ന് തിരഞ്ഞെടുക്കുന്നോ അന്ന് അവന്‍, പ്രത്യേകിച്ച് അവന്‍ ഒരു മന്ത്രിയായാല്‍ അന്ന് തൊട്ട് അവന്‍ മേലാളനും തിരഞ്ഞെടുത്ത ജനം, പൗരന്‍ കീഴാളനും ആയിത്തീര്‍ന്നു. അതുകൊണ്ടാണ് കെ.എം മാണിയുടേയും പി.കെ കുഞ്ഞാലിക്കുട്ടിയുടേയും മുന്‍പില്‍ പോയി സാറേ, നേതാവേ എന്ന് വിളിച്ച് വാലാട്ടി കൊണ്ട് നില്‍ക്കുന്നത്. കാരണം അവര്‍ നമ്മളുടെ നേതാക്കന്‍മാരാണ് എന്ന് ചിന്തിക്കുകയാണ് പലരും.

വിപ്ലവകാരിയെന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ ഈ രാഷ്ട്രീയക്കാരെ കണ്ടാല്‍ ഞെട്ടിവിറച്ച് പട്ടിയെപ്പോലെ കിടന്നുരുളുന്നവരായി എന്നാണ് എനിക്ക് മനസിലാകാത്തത്. ഒരു മന്ത്രിയെ കണ്ടാല്‍ എല്ലാവരും കൂടി ചാടിയെഴുന്നേല്‍ക്കുന്നു. നമ്മളെ കണ്ടാല്‍ ചാടിയെഴുന്നേല്‍ക്കണ്ടവനാണ് അവന്‍.

പ്രായമുള്ളയാളാണെങ്കില്‍ ശരി, നമ്മളെക്കാള്‍ മൂത്തയാളാണെങ്കില്‍ നമ്മള്‍ എഴുന്നേറ്റ് നില്‍ക്കണം. പക്ഷേ നമ്മള്‍ ജോലി കൊടുത്ത്, അവന്റെ വീട് അവന്റെ കാറ്, അവന്റെ ഫോണ്, അവന്റെ പോലീസ്,അവന്റെ തീറ്റ, അവന്റെ കുടി, അവന്റെ വ്യഭിചാരം, അവന്റെ വിദേശയാത്ര ഇതുമുഴുവനും നമ്മുടെ പണം കൊണ്ട് നിര്‍വഹിച്ചിരിക്കുന്ന ഒരുത്തനെ കണ്ടിട്ട് നമ്മള്‍ ചാടിയെഴുന്നേറ്റ് സാറേ എന്ന് വിളിച്ച് നില്‍ക്കുകയാണ്.

ഇതാണ് ജനാധിപത്യം തലകുത്തി മറിക്കുന്നതിന്റെ ഏറ്റവും വിചിത്രമായ ഉദാഹരണം. അതിന്റെ കൂടെയാണ് പോലീസില്ലാതെ പുറത്തിറങ്ങാന്‍ പറ്റില്ലെന്നത്. പോലീസിനെ വെച്ച് വിരട്ടികൊണ്ട് അവന്‍ നമ്മുടെ അടുത്തൂകൂടെ നടക്കുകയാണ്.

ഇപ്പോള്‍ ഇതിലെ ഒരു മന്ത്രിപോകുകയാണെങ്കില്‍ എട്ട് പോലീസ് വണ്ടി ഇവിടെ കിടക്കും. ഒരു ക്രിമിയായ ഒരു മന്ത്രിക്ക് വേണ്ടിയിട്ടാണ് ഇത്. ഞാന്‍ ഒരിക്കല്‍ കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയാണ്. കണ്ണൂര്‍ എക്‌സ്പ്രസിലാണല്ലോ ഇവിടുത്തെ കൊടി പാറുന്ന രാഷ്ട്രീയക്കാരുടെ തീവണ്ടി യാത്ര.

അതില്‍ സെക്കന്റ് എ.സിക്കയ്ക്കകത്ത് യാത്ര ചെയ്യുമ്പോള്‍ ഒരു മന്ത്രി മുള്ളാന്‍ പോകുന്നു.  9 മണിയായിട്ടേ ഉള്ളൂ, ആരും കിടന്നിട്ട് പോലുമില്ല. അപ്പോള്‍ അപ്പുറത്തെ മുറിയില്‍ ഈ മന്ത്രിയുണ്ട്. അയാള്‍ മുള്ളാന്‍ പോവുകയാണ്.

മുന്നില്‍ മൂന്ന് പോലീസുകാര്‍ പിന്നില്‍ മൂന്ന് പോലീസുകാര്‍. അത്രയും പേര്‍ അയാളെ കൊണ്ടുപോയി മുള്ളിച്ചിട്ട് തിരിച്ചുകൊണ്ടുവരുകയാണ്.

അപ്പോള്‍ ഞാന്‍ ഓര്‍ത്തത് നമ്മള്‍ ഈ പിള്ളാരെ മുള്ളിക്കുമ്പോള്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കണ്ടേ, അതുപോലെ പുള്ളിക്കാരനും ചെയ്തുകൊടുക്കുകയായിരിക്കും. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് ഇയാളുടെ കൂടെ പോകേണ്ട കാര്യമില്ലല്ലോ.

അപ്പോള്‍ ഇത്തരത്തില്‍ മ്ലേച്ഛന്മാരും ശുംഭന്‍മാരുമായിട്ടുള്ള പോഴന്‍മാരായിട്ടുള്ള മനുഷ്യര്‍ അധികാരപ്പെടാനുള്ള നമ്മുടെ മേല് മേലാളന്‍മാരാണ് എന്ന് പുലര്‍ത്തുകയാണ്. ഇത് നമ്മള്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല.

We use cookies to give you the best possible experience. Learn more