| Thursday, 28th July 2022, 10:34 pm

അയാള്‍ ടീമില്‍ എന്താണ് ചെയ്യുന്നതെന്ന ബോധം വേണം; ഇന്ത്യന്‍ താരത്തിന് ഉപദേശവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. താര സമ്പന്നമായ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ പരമ്പരകളിലും വ്യത്യസ്തമായ ടീമുകളെയാണ് ഇന്ത്യ അയക്കുന്നത്.

ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ താക്കുര്‍. വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഏഴ് വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിലെ റോള്‍ എന്താണെന്ന് മനസിലാകുന്നില്ല എന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാബ കരീമിന്റെ അഭിപ്രായം.

ബൗളറെന്ന നിലയില്‍ താക്കൂറിന് മികച്ച പരമ്പര ഉണ്ടായിരുന്നുവെങ്കിലും താക്കൂറിന് തന്റെ റോളില്‍ വ്യക്തത ഉണ്ടാകണമെന്ന് സാബ പറഞ്ഞു. ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും അദ്ദേഹം തിളങ്ങേണ്ടതുണ്ടെന്നും കരീം അഭിപ്രായപ്പെട്ടു.

‘പന്തുമായി മികച്ച ഒരു പരമ്പര ശര്‍ദുല്‍ താക്കൂറിന് ഉണ്ടായിരുന്നെങ്കിലും, തന്റെ റോളിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരിക്കണം. ഒരു ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിലെ സ്ഥാനങ്ങള്‍ക്കായുള്ള കടുത്ത മത്സരം കാരണം അദ്ദേഹത്തിന് രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലും സംഭാവന നല്‍കേണ്ടിവരും. തീര്‍ച്ചയായും ഇപ്പോള്‍ ഞങ്ങളുടെ പക്കലുള്ള ഫാസ്റ്റ് ബൗളര്‍മാരുടെ എണ്ണം വളരെ മികച്ചതാണ്,’ കരീം പറഞ്ഞു.

ഇന്ത്യ ന്യൂസില്‍ സംസാരിക്കുകയായിരുന്നു സാബ കരീം.

വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റ് നേടിയ താക്കുറായിരുന്നു പരമ്പരയില്‍ ഏറ്റവും വിക്കറ്റ് നേടിയ താരം. ഇന്ത്യന്‍ സപിന്നര്‍ ചഹലും ഏഴ് വിക്കറ്റ് സ്വന്തമാക്കിയരുന്നു. മുന്‍ കാലങ്ങളില്‍ ബാറ്റിങ്ങില്‍ കരുത്ത് കാട്ടിയിട്ടുള്ള താക്കൂറിന് ടീമിലിടം നേടണമെങ്കില്‍ ബാറ്റ് കൊണ്ടും തിളങ്ങേണ്ടതുണ്ട്. ടീമിന്റെ ബാറ്റിങ് ഡെപ്ത് കൂട്ടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlights: Zaba Karim says he is little bit confused about Shardhul Thakur’s Role in Indian team

We use cookies to give you the best possible experience. Learn more