| Wednesday, 27th August 2014, 12:08 am

കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയ്ക്ക് ഇസഡ് സുരക്ഷ: കേന്ദ്രം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കലാപക്കേസില്‍ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ. സംഗീത് സോമിന് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു. ഇദ്ദേഹത്തിന്

എം.എല്‍.എയ്ക്ക് വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇിതനെതിരെ അതിശക്തമായ ആക്രമണം നടത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവഴി നല്‍കുന്നത് കൊല്ലാനുള്ള ലൈസന്‍സാണെന്നും ഇരകളോടുള്ള ക്രൂരമായ തമാശയാണെന്നും തുറന്നടിച്ചു.

തീവ്രവാദികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന സംഗീതിന്റെ ഹരജിയില്‍ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ കോടതി യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ “വൈ” കാറ്റഗറി സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ഇതാണ് ബുള്ളറ്റ് പ്രൂഫ് കാറും 30 ഓളം സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള “ഇസഡ്” ക്യാറ്റഗറിയായി കേന്ദ്രം ഉയര്‍ത്തിയിരിക്കുന്നത്.

സോമിനുള്ള സുരക്ഷാ കാറ്റഗറി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചതായി ഉത്തര്‍പ്രദേശ് ഐ.ജി അമരേന്ദര്‍ സിങ് സെന്‍ഗര്‍ പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട ഏജന്‍സിക്ക് ഈ കത്ത് കൈമാറിയിരുന്നതായും ഐ.ജി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ഈ നടപടിയെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് വളരെ മോശമായ കാര്യമാണ്. സര്‍ക്കാര്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ തൂണുകളുടെ മറവില്‍ നിന്ന് മറ്റു തൂണുകളുടെ മറവുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ കലാപത്തില്‍ കുറ്റാരോപിതരായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്ന തിരക്കിലാണ്.  വലിയ നാശനഷ്ടങ്ങള്‍ നേരിട്ടവരോടും വീടുകള്‍ അഗ്‌നിക്കിരയായവരോടും ചെയ്യുന്ന അതിക്രൂരമായ തമാശയാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

കലാപത്തിലെ ഇരകള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ കലാപത്തിന് കൂട്ട് നിന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നത് അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവായ റാശിദ് ആല്‍വി പറഞ്ഞു. സോമിന് നല്‍കിയിരിക്കുന്ന സുരക്ഷ വെറും സുരക്ഷയല്ലെന്നും മറിച്ച് നിരപരാധികളെ കൊല്ലാനും സംസ്ഥാനത്തെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ആളിക്കത്തിക്കാനുമുള്ള ലൈസന്‍സാണെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഈ നടപടിയെ ശക്തമായി വിമര്‍ശിക്കുകയാണ്. ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കിയിരിക്കുന്നത് എത്രയും പെട്ടെന്ന് പിന്‍വലിക്കണം. സംഘര്‍ഷം സൃഷ്ടിക്കുന്ന ജനങ്ങള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം ജനിപ്പിക്കുമെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം നടപടിയെ ന്യായീകരിച്ച് ബി.ജെ.പിയും രംഗത്തെത്തി. രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സംബീത് പത്ര പറഞ്ഞു. ജീവന്‍ അപകടത്തിലായ ഒരു വ്യക്തിക്ക് ഇത്തരം സുരക്ഷ നല്‍കല്‍ സര്‍ക്കാറിന്റെ കടമയാണെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈനും ന്യായീകരിച്ചു. ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ സര്‍ദനയില്‍ നിന്നുള്ള എം.എല്‍.എയാണ് സംഗീത് സോം.

We use cookies to give you the best possible experience. Learn more