രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ ടേപ്പ് ഒട്ടിച്ച് ഉപേക്ഷിച്ച് പോയി; ഞെട്ടിക്കുന്ന മറ്റൊരു അനുഭവമായി ചഹല്‍
Sports News
രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ ടേപ്പ് ഒട്ടിച്ച് ഉപേക്ഷിച്ച് പോയി; ഞെട്ടിക്കുന്ന മറ്റൊരു അനുഭവമായി ചഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th April 2022, 8:14 pm

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കുമ്പോള്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ചത്.

മദ്യപിച്ചെത്തിയ സഹതാരം പതിനഞ്ചാം നിലയില്‍ നിന്നും തൂക്കിയിട്ട അനുഭവമായിരുന്നു താരം പറഞ്ഞത്.

ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. ആന്‍ഡ്രൂ സൈമണ്ട്‌സും ജെയിംസ് ഫ്രാങ്ക്‌ളിനും ചേര്‍ന്ന് തന്റെ കൈയും കാലും കെട്ടിയിട്ടെന്നും വായില്‍ ടേപ്പ് ഒട്ടിച്ച് ഉപേക്ഷിച്ച് പോവുകയായിരുന്നെന്നുമാണ് ചഹല്‍ പറയുന്നത്.

‘2011 ചാമ്പ്യന്‍സ് ലീഗ് വിജയിച്ചതിന് ശേഷമായിരുന്നു സംഭവം. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിജയാഘോഷം. അവന്‍ (സൈമണ്ട്‌സ്) ഒരുപാട് ‘ഫ്രൂട്ട് ജ്യൂസ്’ കുടിച്ചിരുന്നു. (ചിരിക്കുന്നു). ഞാന്‍ അവനൊപ്പമുണ്ടായിരുന്നു.

പെട്ടന്ന് സൈമണ്ട്‌സും ഫ്രാങ്ക്‌ളിനും ചേര്‍ന്ന് എന്റെ കൈയും കാലും കെട്ടിയിടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. പിന്നെ അവര്‍ എന്നെ കുറിച്ച് മറന്നുപോയി.

പാര്‍ട്ടി കഴിഞ്ഞ് രാവിലെ ക്ലീന്‍ ചെയ്യാനെത്തിയ ആളാണ് എന്നെ കാണുന്നത്. എന്നെ സ്വതന്ത്രനാക്കിയ ശേഷം അയാള്‍ ആദ്യം ചോദിച്ചത് എത്ര നേരമായി ഇങ്ങനെ കിടക്കുന്നു എന്നായിരുന്നു. രാത്രി മുഴുവനും എന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഇവരോട് ഇതേ കുറിച്ച് ചോദിച്ചില്ലേ എന്ന് ചഹലിനോട് ചോദിച്ചപ്പോള്‍, പിറ്റേ ദിവസം അവരോട് ഇക്കാര്യത്തെ കുറിച്ച് തിരക്കിയെങ്കിലും അവര്‍ ഒരുപാട് ‘ജ്യൂസ്’ കുടിച്ചിരുന്നതിനാല്‍ അവര്‍ക്കൊന്നും ഓര്‍മയില്ലായിരുന്നു എന്നായിരുന്നു അവരുടെ മറുപടി,’ ചഹല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചഹല്‍ തന്റെ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. ചഹലിന്റെ ജീവന് തന്നെ ആപത്താകുന്ന രീതിയില്‍ പെരുമാറിയ താരം ആരുതന്നെയായാലും അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണമൊൈയിരുന്നു രവി ശാസ്ത്രി പറഞ്ഞു.

‘ഇത് ഇന്നാണ് സംഭവിച്ചിരുന്നതെങ്കില്‍? അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കണം. കൂടാതെ കഴിയുന്നതും വേഗം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുചെന്നിടുകയും വേണം.

ഇതൊരു തമാശയല്ലെന്ന് മനസിലാക്കാന്‍ അവനെ ജീവിതകാലത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കരുത്,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

 

Content Highlight: Yuzwendra Chahal about a horrifying experience about Andrew Symonds and James Franklin tied him