കഴിഞ്ഞ മത്സരത്തിലെ മിന്നും വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ പ്ലേ ഓഫിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാന്‍.
കഴിഞ്ഞ മത്സരത്തില്‍ നിന്നും വിക്കറ്റ് നേടിയതോടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍.
ഇപ്പോഴിതാ, വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മാത്രമല്ല, റണ്‍വേട്ടക്കാരുടെ പട്ടികയിലും തനിക്ക് ഒന്നാമതെത്താന്‍ ആകുമെന്നും, ഐ.പി.എല്ലിലെ എക്കാലത്തേയും വലിയ റെക്കോഡ് സ്‌കോറായ വിരാട് കോഹ്‌ലിയുടെ 973 റണ്‍സിന്റെ നേട്ടം മറികടക്കുമെന്നും ചഹല്‍ പറയുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
സഹതാരം ജോസ് ബട്‌ലറിനൊപ്പമുള്ള തന്റെ അനുഭവം പറയുന്നതിനൊപ്പമാണ് ചഹല്‍ ഇക്കാര്യവും പറയുന്നത്.
‘ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍, ഞാന്‍ എല്ലാ റെക്കോഡും തകര്‍ക്കും, ജോസ് ബട്‌ലറിന്റെ മാത്രമല്ല എല്ലാ റെക്കോഡും തകര്‍ക്കും. എനിക്ക് തോന്നുന്നത് വിരാട് ഭയ്യയുടെ റെക്കോഡ് മാത്രമാണ് ബാക്കിയുള്ളതെന്നാണ്. ഞാന്‍ അതും തകര്‍ക്കും.
10 മത്സരത്തില്‍ നിന്നും ഞാന്‍ ആ റെക്കോഡ് തകര്‍ക്കും. ഓരോ മത്സരത്തിലും സെഞ്ച്വറി വീതം എടുത്താല്‍ പോരെ (ചിരി),’ ചഹല്‍ തമാശപൂര്‍വം പറയുന്നു.
2016ലായിരുന്നു ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലി റെക്കോഡിട്ടത്. ഒരു സീസണില്‍ നിന്നും ഏറ്റവുമധികം റണ്‍സടിക്കുന്ന താരം എന്ന റെക്കോഡാണ് വിരാട് തന്റെ പേരിലാക്കിയത്. 16 മത്സരത്തില്‍ നിന്നുമാണ് വിരാട് 973 റണ്‍സടിച്ചത്. ഈ റെക്കോഡ് തകര്‍ക്കുന്നതിനെ കുറിച്ചാണ് ചഹലിന്റെ പരാമര്‍ശം.
ഈ സീസണില്‍ വിരാടിന്റെ റെക്കോഡ് തകര്‍ക്കും എന്ന് കരുതിയിരുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍. ആദ്യ മത്സരങ്ങളില്‍ ആളിക്കത്തിയ ബട്‌ലറിന് ഇപ്പോള്‍ തന്റെ പഴയ മികവിനൊപ്പം എത്താന്‍ പോലുമാകുന്നില്ല.
സെഞ്ച്വറികളും ബൗണ്ടറികളും സിക്‌സറുകളും അടിച്ചുകൂട്ടിയ ബട്‌ലറിന്റെ മോശം പ്രകടനം ആരാധകരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്.
നിലവില്‍ 13 മത്സരത്തില്‍ നിന്നും 627 റണ്‍സാണ് താരം സ്വന്തമാക്കിയത്. വിരാടിന്റെ റെക്കോഡ് മറികടക്കണമെങ്കില്‍ 346 റണ്‍സ് കൂടിയാണ് ബട്‌ലറിന് വേണ്ടത്.
Content Highlight: Yuzvendra Chahhal says he can brake Virat Kohli’s record if he opens the innings