2024 ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുക. ബാര്‍സപുരയില്‍ നടക്കുന്ന മത്സത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം സ്ഥാനം ഉറപ്പിക്കാനായിരിക്കും സഞ്ജുവും കൂട്ടരും ഈ മത്സരത്തില്‍ ലക്ഷ്യമിടുക. അവസാന മത്സരവും വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനുമായിരിക്കും കൊല്‍ക്കത്ത ലക്ഷ്യമിടുക.
മത്സരത്തില്‍ രാജസ്ഥാന്‍ സ്പിന്നര്‍ യുസ്വേന്ദ്ര സഹലിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. കൊല്‍ക്കത്തക്കെതിരെ നാല് വിക്കറ്റുകള്‍ നേടാന്‍ ചഹലിന് സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാന്‍ സാധിക്കും.
കൊല്‍ക്കത്തക്കെതിരെ 22 ഇന്നിങ്‌സില്‍ നിന്നും 29 വിക്കറ്റുകള്‍ ആണ് താരം നേടിയിട്ടുള്ളത്. കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഉള്ളത് ഭുവനേശ്വര്‍ കുമാര്‍ ആണ്. 32 വിക്കറ്റുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ നേടിയത്.
ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് ചഹല്‍ നേടിയിട്ടുള്ളത്. 27.59 ആവറേജിലും 9.38 എക്കണോമിയിലുമാണ് താരം പന്തെറിഞ്ഞത്. ചഹല്‍ കൊല്‍ക്കത്തക്കെതിരെയും മിന്നും പ്രകടനം നടത്തുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Yuzvendra Chahal waiting for a new milestone in IPL