സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ഏറെ കാലമായി ഇന്ത്യന്‍ ജേഴ്‌സിക്ക് പുറത്താണ്. ഏഷ്യാ കപ്പിലും ലോകകപ്പിലും അതിന് മുമ്പ് നടന്ന പല പരമ്പരകളിലും ചഹലിന് ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഇതിന് പുറമെ നടക്കാനാരിക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലും ചഹല്‍ സ്‌ക്വാഡിന് പുറത്താണ്.
ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ടീമില്‍ സ്ഥാനം ലഭിക്കാത്തതിന് പിന്നാലെ ചഹലും തന്റെ പ്രതികരണമറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സ്‌മൈലിങ് ഇമോജി പങ്കുവെച്ചുകൊണ്ടായിരുന്നു ചഹല്‍ ടീമില്‍ നിന്നൊഴിവാക്കിയതിലുള്ള പ്രതികരണമറിയിച്ചത്.
Yuzvendra Chahal reacts to selection snub after India announce T20I squad
ഇപ്പോള്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഗംഭീര പ്രകടനം പുറത്തെടുത്താണ് ചഹല്‍ പലര്‍ക്കുമുള്ള മറുപടി നല്‍കിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ ഹരിയാനക്കായി ആറ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടായിരുന്നു ചഹലിന്റെ ആറാട്ട്.
രണ്ട് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 26 റണ്‍സ് മാത്രം വഴങ്ങിക്കൊണ്ടാണ് ചഹല്‍ ആറ് വിക്കറ്റ് നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിനായി ക്യാപ്റ്റന്‍ ജീവന്‍ജ്യോത് സിങ്ങും കുനാല്‍ ചന്ദേലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഇവര്‍ പടുത്തുയര്‍ത്തിയിരുന്നു. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ചന്ദേലയെ പുറത്താക്കി സുമിത് കുമാറാണ് ഹരിയാനക്ക് ബ്രേക് ത്രൂ നല്‍കിയത്.
18ാം ഓവറിലെ ആദ്യ പന്തിലാണ് ചഹലിന് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് ലഭിച്ചത്. മൂന്നാം നമ്പറിലിറങ്ങിയ പ്രിയാംശു കാന്ദുരിയെ രാഹുല്‍ തേവാട്ടിയയുടെ കെകളിലെത്തിച്ച് ചഹല്‍ മടക്കി. പത്ത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ കാന്ദുരിയുടെ പേരിലുണ്ടായിരുന്നത്.
തന്റെ സ്‌പെല്ലിലെ അടുത്ത ഓവറിലെ ആദ്യ പന്തിലും ചഹല്‍ വിക്കറ്റ് നേടി. ഇത്തവണ ക്യാപ്റ്റന്‍ ജീവന്‍ജ്യോത് സിങ്ങിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു ചഹല്‍ പുറത്താക്കിയത്. പിന്നാലെ ദിക്ഷാന്‍ഷു നേഗി, സ്വപ്‌നില്‍ സിങ്, ആദിത്യ താരെ, മായങ്ക് മിശ്ര എന്നിവരെയും ചഹല്‍ മടക്കി.
ചഹലിന് പുറമെ രാഹുല്‍ തേവാട്ടിയ, സുമിത് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
208 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹരിയാന യുവരാജ് സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെയും അങ്കിത് കുമാര്‍, ക്യാപ്റ്റന്‍ അശോക് മെനാരിയ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ബലത്തില്‍ അനായാസം വിജയിച്ചുകയറുകയായിരുന്നു.
78 പന്തില്‍ എട്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ യുവരാജ് സിങ് 68 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് മെനാരിയ നേടിയത്.