| Wednesday, 5th June 2019, 7:05 pm

ചാഹല്‍ ചാമ്പലാക്കി; വാലറ്റത്തിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്താംപ്ടണ്‍: കീഴടങ്ങാന്‍ തയ്യാറാവാതെ വാലറ്റം പൊരുതിനിന്നപ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞിട്ടും ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. യുസ്‌വേന്ദ്ര ചാഹല്‍ മുന്നില്‍ നിന്നു നയിക്കുകയും മറ്റുള്ളവര്‍ കൃത്യതയോടെ പന്തെറിയുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ നേടാനായത് ഒമ്പത് വിക്കറ്റിന് 227 റണ്‍സാണ്.

റോസ്ബൗളിലെ പിച്ചില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതുമുതല്‍ ദക്ഷിണാഫ്രിക്കയുടെ ഓരോ നീക്കങ്ങളും പാളുന്ന കാഴ്ചയാണു കണ്ടത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ അവരില്‍ ആത്മവിശ്വാസത്തിന്റെ ചെറുകണിക പോലും ഇന്നു കണ്ടില്ല.

തന്റെ സ്പിന്നിന് വിദേശ പിച്ചിലും തിരിയാന്‍ ശേഷിയുണ്ടെന്നു തെളിയിച്ച ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തേ ഓപ്പണര്‍മാരായ ഹാഷിം അംലയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആദ്യ ആറോവറിനുള്ളില്‍ത്തന്നെ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ലോകകപ്പിലെ ആദ്യമത്സരം കളിക്കുന്ന ഇന്ത്യയുടെ തുടക്കം മികവുറ്റതാക്കിയത്.

പിന്നീട് അപകടകരമായിത്തുടങ്ങിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും (38) വാന്‍ഡര്‍ ഡസ്സന്റെയും (22) കൂട്ടുകെട്ട് തകര്‍ത്ത് ഒരേ ഓവറില്‍ത്തന്നെ രണ്ട് പേരെയും പുറത്താക്കിയ ചാഹല്‍ ദക്ഷിണാഫ്രിക്കയെ കുഴിയിലേക്കു തള്ളിയിട്ടു.

പിന്നീട് വന്ന ജീന്‍ പോള്‍ ഡുമിനിക്കും അധികം ആയുസ്സുണ്ടായില്ല. കുല്‍ദീപ് യാദവായിരുന്നു ഡുമിനിയുടെ അന്തകന്‍. എന്നാല്‍ ഒരറ്റത്ത് ഡേവിഡ് മില്ലര്‍ (31) ഉറച്ചുനില്‍ക്കുകയും മറുവശത്ത് ആന്‍ഡിലെ പെഹ്ലുക്‌വായോ (34) മികച്ച പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയാണെന്ന തോന്നലുളവാക്കി.

എന്നാല്‍ ഇവിടെയും ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നു. നാലോവറിനുള്ളില്‍ ഇരുവരെയും പുറത്താക്കി ചാഹല്‍ ഈ ലോകകപ്പിലെ തന്റെ വരവറിയിച്ചു.

എന്നാല്‍ വാലറ്റത്ത് ക്രിസ് മോറിസ് (42), കാഗിസോ റബാഡ (31) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 200 കടത്തി. അവസാന ഓവര്‍ വരെ ഈ കൂട്ടുകെട്ട് വിജയകരമായി മുന്നോട്ടുപോയതാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വറും തന്റെ ഡെത്ത് ഓവറുകളിലെ പ്രാവീണ്യം പ്രകടിപ്പിച്ചു.

ആദ്യമത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട് ഫാഫ് ഡുപ്ലെസിസിന്റെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ബംഗ്ലാദേശിനോട് 21 റണ്‍സിനും അവര്‍ തോറ്റു. രണ്ടു മത്സരങ്ങളിലും ആദ്യ ഇന്നിങ്സില്‍ മുന്നൂറിലധികം റണ്‍സ് ദക്ഷിണാഫ്രിക്ക വഴങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more