കൗണ്ടി ടീമായ നോര്‍താംപ്ടണ്‍ഷെയറിനായി പന്തെറിയാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിലും ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലുമാണ് താരം നോര്‍താംപ്ടണ്‍ഷെയറിന് വേണ്ടി കളത്തിലിറങ്ങുക.
ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം ടീമിന്റെ ഭാഗമാകുമെന്ന് നോര്‍താംപ്ടണ്‍ഷെയര്‍ അറിയിച്ചു.
‘അവന്റെ റെക്കോഡുകളാണ് അവന് വേണ്ടി സംസാരിക്കുന്നത്. ചഹലിന്റെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് നമ്മുടെ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കും,’ ടീമിന്റെ പ്രധാന പരിശീലകന്‍ ജോണ്‍ സാഡ്‌ലര്‍ പറഞ്ഞു.
നോര്‍താംപ്ടണ്‍ഷെയറിനൊപ്പം ചേരുന്നതിന് മുമ്പ് തന്നെ ചഹല്‍ കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമായിട്ടുണ്ട്. 2023ല്‍ കെന്റിന്റെ താരമായിരുന്നു ചഹല്‍. ടീമിനായി ഒമ്പത് വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, നോര്‍താംപ്ടണ്‍ഷെയര്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് ചഹല്‍ പുറത്തെടുക്കുന്നത്. സെന്റ് ലോറന്‍സിലെ സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ തന്റെ മുന്‍ ടീമായ കെന്റിനെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തിളങ്ങുകയാണ് താരം.
അഞ്ച് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ അഞ്ച് വിക്കറ്റ് പിഴുതെറിഞ്ഞത്.
ചഹലിന്റെ ബലത്തില്‍ നോര്‍താംപ്ടണ്‍ഷെയര്‍ എതിരാളികളെ വെറും 82 റണ്‍സിന് പുറത്താക്കി. ചഹലിന് പുറമെ ജസ്റ്റിന്‍ ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലൂക് പ്രോക്ടര്‍ രണ്ട് വിക്കറ്റും നേടി.
എന്നാല്‍ മികച്ച പ്രകടനമല്ല നോര്‍താംപ്ടണ്‍ഷെയര്‍ സീസണില്‍ പുറത്തെടുക്കുന്നത്. ഗ്രൂപ്പ് എ-യില്‍ എട്ടാം സ്ഥാനത്താണ് ടീം. ലങ്കാഷെയര്‍ മാത്രമാണ് നോര്‍താംപ്ടണ്‍ഷെയറിന് താഴെയുള്ളത്.
ഏഴ് മത്സരത്തില്‍ നിന്നും ഇതുവരെ ഒറ്റ ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ട് പോയിന്റാണ് നിലവില്‍ ടീമിനുള്ളത്. സീസണിലെ രണ്ടാം ജയമാണ് നോര്‍താംപ്ടണ്‍ഷെയര്‍ ലക്ഷ്യമിടുന്നത്.
Content Highlight: Yuzvendra Chahal to play for Northamptonshire in One-Day Cup, County matches